 
ചാലക്കുടി: കൊരട്ടി എം.എ.എം ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലസ് ടു വിജയത്തിന് നക്ഷത്രത്തിളക്കവുമായി അനാമിക അജിത്ത്. എല്ലാ വിഷയങ്ങളിലും നൂറ് മാർക്ക് നേടികൊണ്ടാണ് അനാമിക കൊരട്ടിമുത്തിയുടെ നാടിന്റെ അഭിമാനം കൂടിയായി മാറിയത്. വിദ്യാലയത്തിൽ നാൽപ്പത് കുട്ടികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. ഇതിലാണ് മറ്റുള്ളവരെ പിന്നിലാക്കി സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം അനാമിക സ്വന്തമാക്കുന്നത്. ഇതേ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 7 എ പ്ലസ്് നേടിയ അനാമികയ്ക്ക് ഇതൊരു അഭിമാന നേട്ടവുമായി. കൊരട്ടി പൊലീസ് സ്റ്റേഷന് മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷ ലഹരി കെട്ടടങ്ങുന്നതിന് മുൻപെ അനാമികയുടെ വിദ്യാഭ്യാസ നേട്ടവും ലഭിച്ചത് നാട്ടുകാരെ ആഹ്ലാദ ഭരിതരാക്കുന്നു. പാലപ്പിള്ളിയിലെ മുല്ലപറമ്പിൽ അജിത്ത്-ഷിജി ദമ്പതികളുടെ ഇളയ മകളായ അനാമികയ്ക്ക് ബി.കോമിന് ചേരാനാണ് താത്പര്യം.