ചേലക്കര: പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിലെ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ പീച്ചി, വാഴാനി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയിക്കണമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിധിയുടെ പശ്ചാത്തലത്തിൽ സംരക്ഷിത വനമേഖലയിൽ നിന്നും വായു ദൂരം ഒരു കിലോമീറ്റർ പ്രഖ്യാപിച്ച് നടപ്പാക്കിയാൽ പഴയന്നൂർ, ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര, തെക്കുംകര, പാണഞ്ചേരി പഞ്ചായത്തുകളിലേയും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലേയും മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതം ദുരിതമാകും. ഒരു കിലോമീറ്റർ ബഫർ സോണിൽ ഉൾപെടുന്ന മുഴുവൻ കൈവശ ഭൂമിയും ജനവാസ മേഖലയും പൂർണമായും വന നിയമത്തിന് കീഴിൽ വരും. വന്യജീവി സങ്കേതത്തിന്റെ അതിർത്തി, വനത്തിനുള്ളിലെ 2 കിലോമീറ്റർ പുനർ നിർണയിച്ചുകൊണ്ടുള്ള കോടതി വിധി നടപ്പാക്കുന്നതിന് സർക്കാർ തയ്യാറാകണം. കിഫ പഴയന്നൂർ യൂണിറ്റിന്റെ നേതൃത്ത്വത്തിൽ 25 ന് വൈകിട്ട് 3 ന് എളനാട് ഐഷ ഓഡിറ്റോറിയത്തിൽ കർഷക പ്രതിരോധ സദസും വിശദീകരണ യോഗവും സംഘടിപ്പിക്കുമെന്ന് കിഫ യൂണിറ്റ് പ്രസിഡന്റ് ടി. രാംകുമാർ, സെക്രട്ടറി ഇ.ജെ. സണ്ണി, കമ്മിറ്റി അംഗങ്ങളായ സലീം കരിമാൻകുഴി, സ്റ്റീഫൻ എളനാട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.