കുന്നംകുളം: ഫോറം ഫോർ ആർട്‌സ് ആൻഡ് കൾച്ചറൽ ഇവന്റ്‌സ് എന്ന ഫെയ്‌സിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മിഥുനോത്സവമെന്ന സാംസ്‌കാരികോൽസവത്തിന് നാളെ തുടക്കമാകുമെന്ന് സംഘാടകർ അറിയിച്ചു. റീഡേഴ്‌സ് ഫോറം, ഫിലിം സൊസൈറ്റി, നാടകവേദി, കഥകളി ക്ലബ്ബ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സാംസ്‌കാരിക പരിപാടികൾ. 24 ന് വൈകിട്ട് 6 ന് കുന്നംകുളം മുനിസിപ്പൽ ലൈബ്രറി അങ്കണത്തിൽ കുന്നംകുളം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്സവത്തോടെയാണ് മിഥുനോത്സവത്തിന് തുടക്കമാവുക. 29ന് വൈകിട്ട് അഞ്ചിന് റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം മുനിസിപ്പൽ ലൈബ്രറി അങ്കണത്തിൽ ചങ്ങമ്പുഴ കവിതയും കാലബന്ധവും വിഷയത്തെ അധികരിച്ച് ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. ജൂലൈ 10 ന് വൈകിട്ട് 6ന് കുന്നംകുളം നഗരസഭ ടൗൺഹാളിൽ ഗാനരചയിതാവിനുള്ള ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി അവാർഡ് നേടിയ ഹരിനാരായണന് അനുമോദനവും സ്വീകരണവും നൽകും. വാർത്താ സമ്മേളനത്തിൽ ഫെയ്‌സ് പ്രസിഡന്റ് വി.കെ. ശ്രീരാമൻ, സെക്രട്ടറി അഡ്വ. പ്രിനു പി. വർക്കി, പി.ജി. ജയപ്രകാശ്, പി.എസ്. ഷാനു, വി.സി. വർഗീസ് എന്നിവർ പങ്കെടുത്തു.