മാള : സർക്കാർ ഭൂമി കൈയേറി അനധികൃതമായി കെട്ടിയ മതിൽപൊളിക്കാൻ ഹൈക്കോടതി നിർദ്ദേശം. പൊയ്യ പഞ്ചായത്തിലെ പുളിപറമ്പ് ഉടുമ്പ് തുരുത്തിയിൽ പ്രവർത്തിച്ചുവരുന്ന ബി.എഡ് കോളേജ് പുറമ്പോക്കിൽ അനധികൃതമായി നിർമ്മിച്ച മതിൽ പൊളിക്കാനാണ് കോടതി ഉത്തരവ്. നാട്ടുകാരായ പുളിപ്പറമ്പിലെ ജനങ്ങളും പാടശേഖരസമിതിയും ചേർന്നാണ് ഇവർക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.

ആറ് കോടി ചെലവിൽ 10 വർഷം മുമ്പ് കെ.എൽ.ഡി.സി നിർമ്മിച്ച തോടിനോട് ചേർന്നുള്ള റോഡാണ് മതിൽ കെട്ടിതിരിച്ച് സ്വന്തമാക്കിയത്. തലമുറകളായി നാട്ടുകാർ കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന പാടവരമ്പ് പോലും അടച്ചു കെട്ടിയത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് കാരണമായി. കണ്ണൻചിറ മുതൽ എലിച്ചിറ വരെ 4.5 കിലോമീറ്ററോളം നീളത്തിൽ റോഡിന്റെ ഇരുവശവുമായിട്ടാണ് റോഡ് നിർമ്മിച്ചിരുന്നത്. പാടം ഉഴുകാനും ഞാറ് മറ്റ് സാധന സാമഗ്രികൾ കൊണ്ടുപോകാനുമായാണ് നൂറ് കണക്കിന് കർഷകർ ഈ റോഡ് ഉപയോഗിച്ചിരുന്നത്.

റോഡ് കൈയേറിയത് മൂലം ഇപ്പോൾ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പഞ്ചായത്ത് അധികൃതരുടെ രാഷ്ട്രീയനേതാക്കളുടെയും മദ്ധ്യസ്ഥതയിൽ കർഷകരോട് കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. റോഡിന്റെ നിർമ്മാണഘട്ടത്തിൽ ഈ കോളേജ് കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഹിന്ദി പ്രചാരസഭയുടെ കീഴിലായിരുന്നു.

അന്ന് കോളേജ് അധികൃതരുടെ സമ്മതത്തോടെയാണ് റോഡ് പണിതത്. പിന്നീട് പുതിയ ആളുകൾ ഏറ്റെടുക്കുകയായിരുന്നു.

തോട് കൈയേറ്റം നടന്നപ്പോൾ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നെങ്കിലും പണി തുടരുകയും ഇപ്പോൾ പൂർത്തീകരിക്കുകയും ചെയ്തു. പാടശേഖര സമിതിയാണ് കേസ് കൊടുത്തത്. ഹൈക്കോടതി ഉത്തരവിൽ പഞ്ചായത്തിനും കളക്ടർക്കും മതിൽ പൊളിച്ച് വഴി സഞ്ചാരയോഗ്യമാക്കാൻ പറഞ്ഞിട്ടുണ്ടെന്നും ഭാരവാഹികൾ അവകാശപ്പെട്ടു. പത്രസമ്മേളനത്തിൽ പാടശേഖര സമിതി നേതാക്കളായ കെ.ഒ.ജോസ്, സി.ടി.സേവിയർ, സി.എൻ.സുധാർജുനൻ, ഫ്രാൻസിസ് പി.കാളിയാടൻ, തോമസ് കാളിയാടൻ പോളച്ചൻ പഞ്ഞിക്കാരൻ എന്നിവർ പങ്കെടുത്തു.