യു.ഡി.എഫ് നടപ്പാക്കിയ പദ്ധതികളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം
തൃപ്രയാർ: പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് നടത്തുന്ന നുണപ്രചാരണം ജനങ്ങൾ തള്ളിക്കളയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, വൈസ് പ്രസിഡന്റ് രജനി ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു പദ്ധതിയും ഫണ്ടും ചെലവാക്കുന്നില്ലെന്ന പരാതിയിൽ കഴമ്പില്ല. 2021- 22 സാമ്പത്തിക വർഷത്തിൽ തന്നെ 1.70 കോടിയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.
വളം നിർമ്മാണം ആരംഭിച്ചു. 33 വീടുകളുടെ പണി പൂർത്തീകരിച്ചു. റോഡുകളുടെ അറ്റകുറ്റപണികൾക്കായി 80 ലക്ഷം രൂപയിലധികം വകയിരുത്തിയിട്ടുണ്ട്. നിരവധി പ്രൊജക്ടുകൾക്ക് തുടക്കം കുറിച്ചതായും പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ പത്ത് വർഷം പഞ്ചായത്ത് ഭരിച്ചത് യു.ഡി.എഫാണ്. യു.ഡി.എഫ് ഭരണത്തിൽ എടുത്തുപറയാവുന്ന ഒരു പ്രവർത്തനവും നാട്ടികയിൽ നടന്നിട്ടില്ലെന്ന് എൽ.ഡി.എഫ് ഭരണസമിതി ആരോപിച്ചു. ഉന്നം പദ്ധതിയിൽ കിറ്റ് നൽകിയതിൽ വൻ അഴിമതിയാണ് യു.ഡി.എഫ് നടത്തിയത്.
2014-15ൽ ഇ- ടോയ്‌ലറ്റിനായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ആറ് മാസം കഴിഞ്ഞതോടെ നശിച്ചുപോയി. 2015- 16 സാമ്പത്തിക വർഷങ്ങളിലായി നടന്ന കോഴിയും കോഴിക്കൂടും പദ്ധതിയിൽ നിരവധി പേർ ആനുകൂല്യം പറ്റിയെങ്കിലും പദ്ധതി പൂർണമായും നടപ്പിലായില്ല. ലൈഫ് ഭവന നിർമ്മാണ പദ്ധതി വരുന്നതിനു മുമ്പ് യു.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന രാജീവ് ഗാന്ധി ഭവന നിർമ്മാണ പദ്ധതിക്കായി ഒരുകോടി രൂപ വായ്പയെടുത്തിരുന്നു. എന്നാൽ മിക്ക വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചില്ലെന്നും പദ്ധതികളുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നതായും ആരോപണമുണ്ട്. യു.ഡി.എഫ് നടപ്പാക്കിയ ഇത്തരം പദ്ധതികളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ കെ.ബി. ഷൺമുഖൻ, കെ.കെ. സന്തോഷ്, ഐഷാബി ജബ്ബാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.