കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കുമെന്നും ഇന്ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിക്കുമെന്നും ഭരണസമിതി പ്രസിഡന്റ് ടി.കെ. ഭാസ്‌കരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശുപത്രിയുടെ വികസനത്തിനായി 11.75 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്. മൂന്ന് കോടിയുടെ പ്രൊജക്ടാണ് സമർപ്പിച്ചിട്ടുള്ളത്. രണ്ട് ഘട്ടമായി 5,000 ചതുരശ്ര അടിയുള്ള അഞ്ച് നില കെട്ടിടമാണ് നിർമ്മിക്കുക. ആദ്യഘട്ടത്തിൽ 2.20 കോടി ചെലവഴിച്ച് ആദ്യഘട്ടം പൂർത്തീകരിക്കും. നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പത്ത് ഡോക്ടർമാരുടെ ഒ.പിയും ആധുനിക സൗകര്യങ്ങളോടെയുള്ള കാഷ്വാലിറ്റിയും, ഹോം കെയർ ചികിത്സയും, സ്‌കാനിംഗ് ഉൾപ്പടെയുള്ള നൂതന ചികിത്സാ ഉപകരണങ്ങളും സജ്ജീകരിക്കും. വൈസ് പ്രസിഡന്റ് ഇ.വി. മുഹമ്മദ്, ഡയറക്ടർ വിലാസിനി വേണുഗോപാൽ, മാനേജർ ടി.പി. സെബാസ്റ്റ്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.