തൃശൂർ: വേലൂർ പഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങുന്നു. എ.സി. മൊയ്തീൻ എം.എൽ.എ ഫണ്ടിൽ നിന്ന് 95 ലക്ഷം വിനിയോഗിച്ചാണ് പഴയ കെട്ടിടം പൊളിച്ച് പണിയുന്നത്. ഒന്നാംഘട്ടത്തിൽ സെല്ലാർ ഫ്ളോറും ഗ്രൗണ്ട് ഫ്ളോറുമാണ് നിർമ്മിക്കുന്നത്. സെല്ലാർ ഫ്ളോറിൽ കൃഷിഭവൻ ഗോഡൗൺ, ശുചിമുറി, പാർക്കിംഗ് എന്നിവയും ഗ്രൗണ്ട് ഫ്ളോറിൽ പഞ്ചായത്ത് ഓഫീസ്, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കുള്ള റൂമുകളും ഫ്രണ്ട് ഓഫീസ്, ഫീഡിംഗ് റൂം എന്നിവയും ഉണ്ടാകും. കോൺഫറൻസ് ഹാൾ, കമ്മ്യൂണിറ്റി ഹാൾ, മെമ്പർമാരുടെ റൂം, റാംബ്, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. ഒരു വർഷം കൊണ്ട് പൂർത്തിയാക്കും.
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനിയർ ജോജി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ തുടങ്ങിയവർ മുഖ്യാതിഥികളായി.