കുന്നംകുളം: നഗരസഭയിൽ ജൂലായ് ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിച്ച (പുനരുപയോഗപ്രദമല്ലാത്ത) പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുന്നത് കർശനമാക്കും. നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവ് വന്ന സാഹചര്യത്തിലാണ് നടപടി. ഘട്ടംഘട്ടമായി നിരോധിക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം പ്രത്യേക സംഘത്തെ നിയോഗിക്കും. കച്ചവട സ്ഥാപനങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്ന നോട്ടീസ് പതിക്കൽ, പൊതു സ്ഥലങ്ങളിൽ ബോർഡ് സ്ഥാപിക്കൽ, ബോധവത്ക്കരണ പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കും. ഹരിതചട്ടം പാലിക്കുന്നതിനുള്ള വ്യവസ്ഥകളും കർശനമാക്കും. വിവാഹങ്ങൾ, മറ്റ് ആഘോഷങ്ങൾ, പൊതു ചടങ്ങുകൾ എന്നിവ ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താനാവൂ.
യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ സൗമ്യ അനിലൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.എം. സുരേഷ്, സജിനി പ്രേമൻ, ടി. സോമശേഖരൻ, പ്രിയ സജീഷ്, സെക്രട്ടറി ഇൻചാർജ് പി.എ. ഉഷാകുമാരി, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പക്ടർ പി.എ. വിനോദ്, സീനിയർ ക്ലർക്ക് ഷാജു അഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
നിരോധനം ഇവയ്ക്ക്
പ്ലാസ്റ്റിക് നിർമ്മിത പതാക, ഇയർ ബഡ്‌സ്, ബലൂൺ സ്റ്റിക്കുകൾ, തെർമോകോൾ, തെർമോകോൾ അലങ്കാരങ്ങൾ, പ്ലേറ്റ്, ഗ്ലാസ്, കപ്പ്.