കൊരട്ടി: ഞങ്ങളും കൃഷിയിലേയ്ക്ക് സന്ദേശത്തിന്റെ ചുവടുപിടിച്ച് നൂതനപദ്ധതിക്ക് ഒരുങ്ങി കൊരട്ടി പഞ്ചായത്ത്. ഉച്ചഭക്ഷണം നൽകുന്ന 12 വിദ്യാലയങ്ങളിൽ പോഷകത്തോട്ടം എന്ന പേരിൽ പച്ചക്കറിക്കൃഷി ആരംഭിക്കുകയാണ് പഞ്ചായത്ത്. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത, വിഷരഹിത പച്ചക്കറി എന്നീ കാഴ്ചപ്പാടോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി ആ വിദ്യാലയങ്ങളിൽ തന്നെ ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് പോഷകത്തോട്ടം. പഠനത്തോടൊപ്പം കൃഷിയിലുള്ള കുട്ടികളുടെ അഭിരുചി വളർത്തി എടുക്കുന്നതിനും പദ്ധതി വഴിതുറക്കും. ഇന്ന് ചിറങ്ങര എം.എസ്.യു.പി സ്‌കൂളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഫാ. ഡേവീസ് ചിറമേൽ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അദ്ധ്യക്ഷത വഹിക്കും. കൊരട്ടി പഞ്ചായത്തും ചിറമേൽ ട്രസ്റ്റും സംയുക്തമായാണ് പോഷകത്തോട്ടം ഒരുക്കുന്നത്.

പദ്ധതി ഇപ്രകാരം

പത്ത് ഇനം പച്ചക്കറികളാണ് വിദ്യാലയങ്ങൾ ഉത്പാദിപ്പിക്കേണ്ടത്. തൈകൾ, വളം, സാങ്കേതിക മേൽനോട്ടം എന്നിവ പഞ്ചായത്ത് നൽകും. വിദ്യാലയങ്ങളിലെ പി.ടി.എ, മാതൃസംഗമം കൂട്ടായ്മ, എസ്.പി.സി തുടങ്ങിയ സംഘടനകൾക്കാണ് പച്ചക്കറിത്തോട്ട പരിപാലന ചുമതല. വിദ്യാലയങ്ങളിൽ കുറഞ്ഞത് 3 സെന്റോ അതിൽ കൂടുതൽ സ്ഥലങ്ങളിലോ ആണ് പോഷകത്തോട്ടം നടപ്പാക്കുന്നത്.