മാള: ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആരോഗ്യമേള ഇന്ന് മാള സെന്റ് ആന്റണീസ് സ്‌കൂളിൽ നടക്കും. സർക്കാരിന്റെ വിവിധ സേവനങ്ങളെപ്പറ്റിയും ആരോഗ്യ പദ്ധതികളെപ്പറ്റിയും പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. എക്‌സിബിഷനുകൾ, മെഡിക്കൽ ക്യാമ്പുകൾ, വിവിധ രോഗ പരിശോധനകൾ തുടങ്ങിയ സൗകര്യങ്ങൾ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഇന്ന് രാവിലെ 10ന് മാള സെന്റ് ആന്റണീസ് സ്‌കൂളിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ മേളയുടെ ഉദ്ഘാടനവും, ആളൂർ മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രങ്ങൾ അതത് പഞ്ചായത്തുകൾക്ക് കൈമാറൽ പ്രഖ്യാപന ചടങ്ങും നടത്തും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ അദ്ധ്യക്ഷയാകും. എം.പിമാരായ ബെന്നി ബെഹന്നാൻ, ടി.എൻ. പ്രതാപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളാകും.