പുത്തൻതോട് കെ.എൽ.ഡി.സി കനാൽ ബണ്ട് റോഡ് സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു

കരുവന്നൂർ: പുത്തൻതോട് കെ.എൽ.ഡി.സി കനാൽ ബണ്ട് റോഡിന്റെ സംരക്ഷണഭിത്തി വീണ്ടും ഇടിഞ്ഞു. മൂർക്കനാട്, ചെമ്മണ്ട ഭാഗത്തേക്കുള്ള വടക്കേ ബണ്ട് റോഡിന്റെ അരികിടിഞ്ഞ ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ച് നടത്തിയ നിർമ്മാണമാണ് മണ്ണടക്കം താഴേയ്ക്കിരുന്നത്.

കെ.എൽ.ഡി.സിയുടെ മിച്ചഫണ്ടായ 10 ലക്ഷം ചെലവഴിച്ച് രണ്ടിടത്തായി 50 മീറ്ററിലാണ് കെ.എൽ.ഡി.സി കനാലിന്റെ അടിഭാഗത്ത് നിന്നും കരിങ്കൽ കെട്ടി പകുതിയിൽ ബെൽറ്റ് വാർത്ത് വീണ്ടും കരിങ്കൽ കെട്ടി ഉയർത്തിയത്. 2018 ലെ പ്രളയത്തിലാണ് ബണ്ട് റോഡിന്റെ ഈ ഭാഗം ആദ്യം ഇടിഞ്ഞത്.

2019- 20 കാലവർഷത്തിലും ഇരുകരകളിലുമായി കൂടുതൽ സ്ഥലത്ത് ഇടിഞ്ഞിരുന്നു. മണ്ണിടിച്ചിൽ ഒഴിവാക്കാൻ കെ.എൽ.ഡി.സി അധികൃതരും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നഗരസഭ അധികൃതരും പദ്ധതി തയാറാക്കിയെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാതെ പ്രവൃത്തികൾ വൈകുകയായിരുന്നു.

ബണ്ട് നിർമ്മാണം പൂർത്തിയാകും മുമ്പുതന്നെ ഒരു ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഇത്തരത്തിൽ കനാലിലേയ്ക്ക് ഇടിഞ്ഞ് വീണിരുന്നു. ഈ ഭാഗത്ത് പിന്നീട് ആഴത്തിലേക്ക് പൈലിംഗ് നടത്തിയാണ് രണ്ടാമത് നിർമ്മാണം പൂർത്തിയാക്കിയത്. ഇപ്പോഴിതാ അടുത്ത ഭാഗത്തും ഇതേ രീതിയിൽ തന്നെ ബെൽറ്റ് പൊട്ടിവീണു. ബണ്ട് റോഡിന്റെ പകുതിയോളം ഇടിഞ്ഞ നിലയിലാണ്. സ്‌കൂൾ വിദ്യാർത്ഥികളുടെ അടക്കം ഇത് വഴിയുള്ള ഗതാഗതം ഏറെ അപകടകരമായ അവസ്ഥയിലാണ്. അശാസ്ത്രീയമായ നിർമ്മാണവും നിർമ്മാണത്തിലെ അപാകതയുമാണ് കരിങ്കൽഭിത്തി ഇടിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.