കയ്പമംഗലം: കമ്പനിക്കടവ് മിനി ഫിഷിംഗ് ഹാർബറിന്റെ പണി എത്രയും പെട്ടന്ന് പൂർത്തീകരിക്കണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രമേയം പാസാക്കി സർക്കാരിനോട് ആവശ്യപ്പെട്ടു. കടൽക്ഷോഭം തടയുന്നതിന് പുലിമുട്ടുകൾ നിർമ്മിച്ച് ബ്രേക്ക് വാട്ടർ സംവിധാനം നിലവിൽ വരുത്തണമെന്നും, വർഷങ്ങൾക്ക് മുമ്പ് എട്ട് ലക്ഷം രൂപ ചെലവ് ചെയ്ത് നിർമ്മിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതും, കഴിഞ്ഞ ബഡ്ജറ്റിൽ പാസാക്കിയ 62 ലക്ഷം രൂപ ഉപയോഗിച്ച് ഹാർബറിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. പെരിഞ്ഞനം കമ്മ്യൂണിറ്റി സെന്ററിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനവും, ആംബുലൻസും വേണമെന്നും കയ്പമംഗലം കൂരികുഴിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗികളെ കിടത്തി ചികിത്സാ വിഭാഗം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. അശോകൻ പാണാട്ട്, ശ്രീകുമാർ ഉരാളൻ, സുബിൻ ഭജനമഠം, സിനോജ് ഏറാക്കൽ, റീന സുരേഷ്, ഹരിപ്രസാദ്, ഗീത മണികണ്ഠൻ, സുരേഷ് പള്ളത്ത്, സിജിൽ ചാമക്കാല എന്നിവർ സംസാരിച്ചു.