ചാലക്കുടി: തുമ്പൂർമുഴി വിനോദ സഞ്ചാര പാർക്കിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം. ടിക്കറ്റ് വിൽപ്പനയിലെ അധികം കണ്ടെത്തിയ പണം താത്കാലിക ജീവനക്കാർ കൊണ്ടു പോയെന്ന് ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയതാണ് പുതിയ വിവാദം. ഡി.എം.സി ചെയർമാൻ കൂടിയായ എം.എൽ.എയും സി.പി.എം യൂണിയനും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് ആധാരമെന്നാണ് ജീവനക്കാരുടെ ആരോപണം.
ജൂൺ 19ന് കളക്ഷനിൽ നിന്നും 3500 രൂപ രണ്ട് താത്കാലിക ജീവനക്കാർ പോക്കറ്റിൽ വച്ചെന്നും പിറ്റേദിവസം രണ്ടു തവണ ആവശ്യപ്പെട്ടപ്പോഴാണ് തുക ഓഫീസിലെത്തിച്ചതെന്നും എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയുള്ള വനിത ഉദ്യോഗസ്ഥ ആർ.ഡി.ഒക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. എന്നാൽ തങ്ങളെ ഏൽപ്പിച്ച മുപ്പതിനായിരത്തിന്റെ കെട്ടിൽ പിന്നീട് എണ്ണിനോക്കിയപ്പോൾ 3,500 രൂപ അധികം കണ്ടെന്നും പണം പിറ്റേദിവസം ഓഫീസിൽ ഏൽപ്പിച്ച് രേഖയാക്കിയെന്നും താത്കാലിക ജീവനക്കാർ പറയുന്നു. വിവരം യഥാസമയം ഉദ്യോഗസ്ഥയെ അറിയിക്കുന്നതിന് ഫോൺ ചെയ്‌തെങ്കിലും കിട്ടാതായപ്പോഴാണ് അധികം വന്ന തുക പിറ്റേദിവസം നൽകിയതെന്നും ഇവർ പറയുന്നു. മാത്രമല്ല, മേശയിൽ ഉണ്ടെന്ന് പറഞ്ഞ മറ്റൊരു തുകയിൽ 365 രൂപയുടെ കുറവുമുണ്ടായ സാഹര്യത്തിലാണ്, പ്രാധാന കണക്കിൽ അധികമുണ്ടായ തുക കൈവശം വച്ചതെന്നും ഇവർ വിശദീകരിക്കുന്നു. പാർക്കിന്റെ പ്രവർത്തനം അവതാളത്തിലായത് എം.എൽ.എയുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തിയത് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുള്ള ജീവനക്കാരാണ്.