 
പെരിങ്ങോട്ടുകര: അഗ്‌നിപഥ് അല്ല, കൃഷി പഥ് ആണ് നാടിന് വേണ്ടതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. വി.കെ. മോഹനൻ കാർഷിക സംസ്‌കൃതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ഓണത്തിന് അൽപ്പം പോലും വിഷം തന്റെ ഉള്ളിൽ ചെല്ലില്ല, കാശ് കൊടുത്ത് വിഷം വാങ്ങി കഴിക്കില്ലെന്ന ശാഠ്യം നമുക്ക് ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി ചെയർമാനും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. നടീൽ വസ്തുക്കളുടെ വിതരണം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. ലോഗോ പ്രകാശനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും മന്ത്രിയും ചേർന്ന് നടത്തി.
പെരിങ്ങോട്ടുകരയിലെ ടി.ആർ. വിജയകുമാറിന്റെ 4.5 എക്കറിലാണ് പച്ചക്കറി, ചെണ്ടുമല്ലി, ചോളം തുടങ്ങിയ കൃഷി ഇറക്കിയിട്ടുള്ളത്. മന്ത്രി കൃഷിയിടത്തിൽ പ്ലാവിൻതൈ നട്ടു. സ്ഥലം ഉടമ ടി.ആർ. വിജയകുമാറിനെ പൊന്നാട അണിയിച്ചു. ടി.ആർ. രമേശ്കുമാർ, കെ.വി. വസന്തകുമാർ, ഷീന പറയങ്ങാട്ടിൽ, സി.കെ. കൃഷ്ണകുമാർ, രതി അനിൽകുമാർ, അഡ്വ. എ.യു. രഘുരാമപ്പണിക്കർ, ടി.ബി. മായ, കെ.ബി. സദാശിവൻ, എം. സ്വർണ്ണലത എന്നിവർ സംസാരിച്ചു.