തൃശൂർ: പീച്ചിയിൽ ഫ്‌ളോട്ടിംഗ് ഇൻടേക്ക് സ്ട്രക്ച്ചറിന്റെ ട്രയൽ റൺ ആരംഭിച്ചു. കോർപറേഷൻ നേരിട്ട് കുടിവെള്ളം വിതരണം ചെയ്യുന്ന പഴയ മുൻസിപ്പൽ പ്രദേശത്തെ എക്കാലത്തെയും പ്രശ്‌നമായിരുന്ന കുടിവെള്ളത്തിൽ ചെളി കലർന്നുവരുന്നതിന് ശാശ്വത പരിഹാരമായി 5 കോടി രൂപ ചെലവിൽ മുകൾത്തട്ടിൽ നിന്നും ശുദ്ധമായ ജലം പമ്പുചെയ്‌തെടുക്കുന്ന ഫ്‌ളോട്ടിംഗ് ഇൻടേക്ക് എന്ന ആധുനിക സാങ്കേതിക വിദ്യ പൂർത്തീകരിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജല ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന 20 എം.എൽ.ഡി. പമ്പിംഗ് ശേഷിയുള്ള 215 എച്ച്.പി.യുടെ 3 സബ്‌മേഴ്‌സിബിൾ പമ്പ് സെറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പദ്ധതി തടസമില്ലാതെ നടക്കുന്നതിനായി വൈദ്യുതി ലഭ്യമാക്കുന്നതിന് 1000 കെ.വി.എ ട്രാൻസ്‌ഫോർമറും പട്ടിക്കാട് സബ് സ്റ്റേഷനിൽനിന്ന് ഭൂമിക്കടിയിലൂടെ പ്രത്യേക വൈദ്യുതി ലൈനും (ഡെഡിക്കേറ്റഡ് ഫീഡർ) സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ കോർപറേഷന്റെ ഈ സ്വപ്ന പദ്ധതി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേയർ എം.കെ. വർഗീസ്, ഡെപ്യട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, ജോൺ ഡാനിയൽ, ലാലി ജെയിംസ്, സാറാമ്മ റോബ്‌സൺ, പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, ബി.ജെ.പി. കൗൺസിലർ പൂർണിമ സുരേഷ്, മറ്റ് കൗൺസിലർമാർ, ജല അതോറിറ്റി ഉദ്യാഗസ്ഥർ, കോർപറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.