stairu
വീട്ടിൽ പുസ്തകങ്ങൾ ഒരുക്കുന്ന പി.ജെ. സ്റ്റൈജു.

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ചേർപ്പ്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വേറിട്ട പുസ്തക വായനയൊരുക്കി അദ്ധ്യാപകൻ പി.ജെ. സ്റ്റൈജു. പുതുതലമുറയെ ലഹരി വിരുദ്ധ ആശയങ്ങളിലേക്ക് പുസ്തക വായനയിലൂടെ ആകർഷിക്കാനാണ് വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചുള്ള പുസ്തക ചങ്ങാത്തം പദ്ധതി നടപ്പിലാക്കുന്നത്.


മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂൾ സംസ്‌കൃത അദ്ധ്യാപകനായ സ്റ്റൈജു തന്റെ വരുമാനത്തിൽ നിന്നാണ് പദ്ധതിക്കായി പണം കണ്ടെത്തുന്നത്. അര ലക്ഷം രൂപ ചെലവ് വരുന്ന പുസ്തകങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. ആദ്യമായി ജോലി ചെയ്ത വാടനപ്പിള്ളി സൗത്ത് മാപ്പിള യു.പി സ്‌കൂളിലാണ് ആദ്യ വിതരണം നടത്തുന്നത്.

സുമനസുകളുടെ സഹായത്തോടെ പുസ്തക വിതരണം വിപുലീകരിക്കാനും മാസ്റ്റർക്ക് പദ്ധതിയുണ്ട്. 24 കേരള ബറ്റാലിയൻ എൻ.സി.സിയിലെ ഓഫീസറാണ് സ്റ്റൈജു മാസ്റ്റർ. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾ ഹയർ സെക്കൻഡറി സ്‌കൂൾ ഗണിത അദ്ധ്യാപികയായ ഭാര്യ അമ്പിളി പീറ്ററും മക്കളായ അനന്യ, അമൃത, അഭിഷേക് എന്നിവരും പൂർണ പിന്തുണയുമായി മാസ്റ്റർക്കൊപ്പമുണ്ട്.

പുസ്തക ചങ്ങാത്ത പദ്ധതി

പഞ്ചായത്തിലെ ഒരു യു.പി സ്‌കൂളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. 50 ഓളം പുസ്തകങ്ങൾ ലഹരി വിരുദ്ധ സെമിനാറിന് ശേഷം വിദ്യാർത്ഥികൾക്ക് കൈമാറും. കുട്ടികൾ പുസ്തകം വായിച്ചുകഴിഞ്ഞാൽ ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയെടുത്ത് മറ്റൊരു കുട്ടിക്ക് കൈമാറും.

ദിനാചരണങ്ങൾ കേവലം ആഘോഷങ്ങളിൽ മാത്രം ഒതുക്കാതെ പുതുതലമുറക്ക് ഗുണപരമായ രീതിയിൽ ഉപയോഗിക്കാനാണ് പുസ്തക ചങ്ങാത്തം പദ്ധതി നടപ്പിലാക്കുന്നത്.

സ്റ്റൈജു മാസ്റ്റർ