1

തൃശൂർ: തൃശൂരിൽ മയക്കുമരുന്ന് ഉപയോഗം കുത്തനെ കൂടുന്നതായി തൃശൂർ സിറ്റി പൊലീസിന്റെ കണക്ക്. 2020 മുതൽ സിറ്റി പൊലീസിന്റെ പരിധിയിലുള്ള 20 സ്റ്റേഷനുകളിലെ കണക്കെടുത്തപ്പോഴാണ് ലഹരി ഉപയോഗം കൂടുന്നതായി കണ്ടെത്തിയത്.

ജില്ലയിലെ മൊത്തം കണക്കെടുത്താൽ ഞെട്ടിക്കുന്ന സ്ഥിതിയായിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പൗഡർ രൂപത്തിലുള്ള എം.ഡി.എം.എ ആണ് സിന്തറ്റിക് വിഭാഗത്തിൽ പെടുന്നത്. ലഹരിക്കെതിരെ ധാരാളം ബോധവത്കരണ പരിപാടികൾ നടക്കുമ്പോഴും കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. കഞ്ചാവിനോടുള്ള പ്രിയം കുറയുന്നതായാണ് ജില്ലയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

തൃശൂർ സിറ്റി പൊലീസിന്റെ പരിധിയിലെ സ്റ്റേഷനുകൾ - 20

സിറ്റി പരിധിയിലെ മയക്കുമരുന്ന് കേസുകൾ

(വർഷം - കേസുകൾ)

2020 - 166

2021 - 391

2022 ഇതുവരെ - 396

ഹാഷിഷ് ഓയിൽ പിടികൂടിയത് (ഗ്രാമിൽ)

2020 - 1,000

2021 - 1245.84

2022 ഇതുവരെ - 1,150

സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗത്തിലാണ് കുതിച്ചുചാട്ടം. ഈ വർഷം ഇതുവരെ 547.54 ഗ്രാം പിടികൂടി. കഴിഞ്ഞ വർഷം 202.99 ഗ്രാമും 2020ൽ 4.84 ഗ്രാമും ആയിരുന്നു. കഴിഞ്ഞ വർഷം മുതൽ ഇതുവരെ ചരസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. 2020ൽ 318 ഗ്രാം പിടികൂടിയിരുന്നു. എൽ.എസ്.ഡി സ്റ്റാമ്പ് 2020ൽ ഒരു ഗ്രാമും കഴിഞ്ഞ വർഷം 0.15 ഗ്രാമുമാണ് പിടികൂടിയത്. ഈ വർഷം ഇതുവരെ സ്റ്റാമ്പ് കേസില്ല. കഞ്ചാവ് ഉപയോഗത്തിന്റെ അളവ് കുറയുന്നതായാണ് കണക്ക്. 2020ൽ 76.790 കിലോയും 2021ൽ 49.773 കലോയും ഈ വർഷം ഇതുവരെ 11.981 കിലയും പിടികൂടിയിട്ടുണ്ട്.