cpm

പാർട്ടി പതാകയ്ക്ക് മുകളിൽ കറുത്ത കൊടികെട്ടി

തൃശൂർ: തൃശൂരിൽ സി.പി.എമ്മിന്റെ കൊടിക്കാലുകളും ബോർഡുകളും തകർത്തു. പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി. സി.പി.എം വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകളുമാണ് നശിപ്പിച്ചത്.

എസ്.എഫ്.ഐ സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ ഓലക്കുടിൽ തകർത്ത ശേഷം കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടിയ നിലയിലാണ്. കുറ്റുമുക്ക് മനവഴി ബ്രാഞ്ചിലെ കൊടിക്കാലും തകർത്തിട്ടുണ്ട്. കോൺഗ്രസ് ആണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. വിമല കോളേജിന് മുൻവശത്ത് രാത്രിയിൽ ആൾസഞ്ചാരം കുറവാണ്. ഇരുട്ട് ബാധിച്ച പ്രദേശം കൂടിയാണിത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വിമല കോളേജിലെ സി.സി.ടി.വി കാമറകളും മറ്റും പരിശോധിക്കുന്നുണ്ട്. കൂടുതൽ പ്രതിഷേധങ്ങൾക്ക് സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ക്യാമ്പ് ഓഫീസ് തകർത്ത എസ്.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലും റോഡ് ഉപരോധം നടത്തിയിരുന്നു.