കയ്പമംഗലം: അടച്ച തുക കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് വീണ്ടും അടപ്പിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് ഏഴ് വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം അനുകൂല വിധി. വലപ്പാട് എടത്തിരുത്തി പൈനൂർ സ്വദേശികളായ ഇളയേടത്ത്പറമ്പിൽ മുഹമ്മദ് അലി, മകൻ ഷമീർ എളേടത്ത് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് ജല അതോറിറ്റിയുടെ വാടാനപ്പിള്ളി പി.എച്ച് സെക്ഷനിലെ അസി. എൻജിനിയർക്കെതിരെയും തിരുവനന്തപുരത്തുള്ള മാനേജിംഗ് ഡയറക്ടർക്കെതിരെയും വിധിയുണ്ടായതു്.
മുഹമ്മദ് അലി കൃത്യമായി വാട്ടർ ചാർജ് അടച്ചു വരുന്നതാണ്. 2015 നവംബർ മാസം മുഹമ്മദ് അലി വാട്ടർ ചാർജ് അടക്കുവാൻ എതിർ കക്ഷികളെ സമീപിച്ചപ്പോൾ 17 മാസത്തെ കുടിശ്ശിക അടക്കുവാനുണ്ടെന്ന് പറയുകയായിരുന്നു. കുടിശ്ശിക ഇല്ലെന്ന് മുഹമ്മദ് അലി അറിയിച്ചപ്പോൾ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും, മുഹമ്മദ് അലിയെക്കൊണ്ട് 17 മാസത്തെ കുടിശ്ശിക തുകയെന്ന് പറഞ്ഞ് 374 രൂപയും പിഴയായി 75 രൂപയും അടപ്പിക്കുകയായിരുന്നവെന്ന് മകൻ ഷെമീർ ഇളേടത്ത് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്താണ് ഹർജി ഫയൽ ചെയ്തത്. എന്നാൽ ജല അതോറിറ്റി അധികൃതർ വസ്തുതകൾ നിഷേധിക്കുകയും, തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ എസ്. ശ്രീജ, ആർ. രാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർ കക്ഷികളുടെ തെറ്റ് വിലയിരുത്തി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിൽ നിന്ന് കൂടുതലായി ഈടാക്കിയ 425 രൂപയും ആയതിന് 2015 നവംബർ 24 മുതൽ 6 % പലിശയും, നഷ്ടപരിഹാരമായി 5,000 രൂപയും ചെലവിലേക്ക് 2000 രൂപയും നൽകണമെന്ന് വിധിയിൽ പറയുന്നു.