പാവറട്ടി: കിഡ്‌നിയിൽ കാൻസർ ബാധിച്ച കുടുംബനാഥൻ ഷൗക്കത്തലിയുടെ തുടർ ചികിത്സാ ചെലവിനായി സുമനസുകളുടെ സഹായം തേടുന്നതിനായി പെരുവല്ലൂരിൽ നാലകത്ത് ഷൗക്കത്തലി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. പെരുവല്ലൂർ പരേതനായ നാലകത്ത് ഹനീഫയുടേയും സുഹറയുടെയും മകനായ ഷൗക്കത്തലി (43) ആണ് കിഡ്‌നിയിൽ കാൻസർ ബാധിച്ച് ചികിത്സയിലുള്ളത്. 14 വർഷകാലം വിദേശത്ത് ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽ വന്നപ്പോൾ ഒരു പനി വന്ന് ഡോക്ടറെ കണ്ടപ്പോഴാണ് കിഡ്‌നിയിൽ കാൻസർ ബാധിച്ചതായി പറയുകയും തുടർചികിത്സ വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തത്. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സകൾ നടത്തിയിരുന്നു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ സർജറി നടത്തി ഒരു കിഡ്‌നി നീക്കി. തുടർ ചികിത്സ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലാണ് നടത്തുന്നത്. നാട്ടിൽ ഓട്ടോ ഓടിച്ചു ജീവിച്ചിരുന്ന ഷൗക്കത്തലിക്ക് ഇപ്പോൾ ക്ഷീണം മൂലം അതിനും സാധിക്കുന്നില്ല. 3 ആഴ്ച കൂടുമ്പോൾ വിദേശത്തു നിന്നു വരുന്ന ഒരു ഇഞ്ചക്ഷൻ ആണ് ഇപ്പോൾ ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. അതിന് ഒരു ഡോസിന് ഒന്നര ലക്ഷത്തിലധികം രൂപ ചെലവ് വരുന്നുണ്ട്. ഭാര്യയും വിദ്യാർത്ഥികളായ മൂന്ന് മക്കളുമുള്ള ഷൗക്കത്തലിക്ക് ഈ ചെലവ് താങ്ങാനുള്ള ശേഷിയില്ല. സുമനസുകൾക്ക് പി.കെ. രാജൻ ചെയർമാനും വാർഡ് മെമ്പർ സുനീതി അരുൺകുമാർ കൺവീനറും എൻ.കെ. ഷംസുദ്ദീൻ ട്രഷററുയുമായുള്ള നാലകത്ത് ഷൗക്കത്തലി ചികിത്സാ സഹായ സമിതിയിലേക്ക് സഹായങ്ങൾ നൽകാം. അക്കൗണ്ട് നമ്പർ 0432-07533470-190001, ഐ.എഫ്.എസ്.സി നമ്പർ: സി.എസ്.ബി.കെ 000432, എം.ഐ.സി.ആർ നമ്പർ: 680047081. കാത്തലിക് സിറിയൻ ബാങ്ക് അന്നകര ശാഖ.