 
തൃശൂർ : വേറിട്ട ശ്രവ്യാനുഭവം സമ്മാനിച്ച് സംസ്ഥാന റവന്യൂ കലോത്സവ വേദിയിൽ ഇൻസ്ട്രുമെന്റ് വായനാ മത്സരം. ഫ്യൂഷൻ സംഗീതത്തിന്റെ മാസ്മരികത തീർത്ത മത്സരാർത്ഥികൾ സദസിന്റെയും കൈയടി ഏറ്റുവാങ്ങി. നാദം, അംഗുലി പ്രയോഗം, ലയം, മനോധർമ്മം, ചൊല്ല്ശുദ്ധം എന്നിവ കണക്കാക്കിയാണ് മത്സര വിജയികളെ തീരുമാനിച്ചത്. ഗിറ്റാർ വായനയിൽ പത്തനംതിട്ട ജില്ല മല്ലപ്പള്ളി താലൂക്കിലെ ജീവനക്കാരനായ എം.ആർ.സുനിൽ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ആലപ്പുഴ ജില്ലയിലെ കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് വിനോദ് ജോൺ, മൂന്നാം സ്ഥാനം തൃശൂർ ജില്ലയിലെ ജോഷി പൗലോസ് എന്നിവർ കരസ്ഥമാക്കി. മൃദംഗ വാദനത്തിൽ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിലെ എം.മനോജ് ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനം വയനാട് ജില്ലയ്ക്കായി പി.വി.സതീശൻ, മൂന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ കെ.കെ.രാജേഷ് എന്നിവർ സ്വന്തമാക്കി.
തബല മത്സരത്തിൽ കണ്ണൂർ ജില്ലയിലെ സി.കെ.വികേഷ് ഒന്നാം സ്ഥാനവും വയനാട് ജില്ലയിലെ പി.വി.സതീശൻ രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ വി.ജിജിത് മൂന്നാം സ്ഥാനവും നേടി.
വയലിൻ മീട്ടി സനൽ കുമാർ നേടി
വാതാപി ഗണപതി കീർത്തനം വായിച്ച് കോട്ടയം ജില്ലയുടെ സനൽ കുമാർ വയലിൻ കർണാടിക് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അസിസ്റ്റന്റ് ഡയറക്ടർ ഒഫ് സർവേ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ജീവനക്കാരനായ സനൽ കുമാർ അഞ്ച് വർഷത്തോളം വയലിൻ അഭ്യസിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ആർ.അഭിലാഷിനാണ് രണ്ടാം സ്ഥാനം. കോന്നി താലൂക്കിലെ അരുവാപുലം വില്ലേജ് ഓഫീസറാണ് അഭിലാഷ്. ആലപ്പുഴ കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസറായ ഷിജു ജോസിനാണ് മൂന്നാം സ്ഥാനം. വെസ്റ്റേൺ വിഭാഗം മത്സരത്തിൽ വയനാട് ജില്ലയിലെ പി.വി.സതീശൻ ഒന്നാം സ്ഥാനവും ആലപ്പുഴ കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് വിനോദ് ജോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.