 
തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ പാർക്കിംഗ് കൊള്ള. റവന്യൂ കലോത്സവം കാണാൻ എത്തുന്നവരെ പോലും ഫീസ് നൽകിയ ശേഷം മാത്രമാണ് മത്സരങ്ങൾ കാണാൻ അനുവദിച്ചത്. ക്ഷേത്രം അടച്ചുകഴിഞ്ഞാൽ വാഹനങ്ങൾ മൈതാനത്ത് പാർക്ക് ചെയ്യണമെങ്കിൽ ഫീസ് നൽകണമെന്നാണ് ഉത്തരവ്.
എന്നാൽ സർക്കാർ പരിപാടികൾ നടക്കുമ്പോൾ പങ്കെടുക്കാൻ എത്തുന്നവരിൽ നിന്ന് പോലും പാർക്കിംഗ് ഫീസ് വാങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധമുണ്ട്. ക്ഷേത്രം അടച്ചാൽ മൈതാനത്തേക്ക് വാഹനം കയറ്റിയാൽ ഫീസ് നൽകണമെന്നതാണ് തീരുമാനം. കാറുകൾക്ക് അമ്പത് രൂപയാണ് ഈടാക്കുന്നത്.
റവന്യൂ കലോത്സവം നടക്കുന്നിടത്തേക്ക് പോകുന്ന സർക്കാർ വാഹനങ്ങൾക്ക് മാത്രമാണ് സൗജന്യമുള്ളത്. ബൈക്കുകൾക്ക് പത്ത് രൂപയാണ് പാർക്കിംഗ് ഫീസ്. വാഹനപ്പിരിവിനായി രണ്ടുപേരുണ്ട്. ദേവസ്വം നേരിട്ടാണ് പാർക്കിംഗ് ഫീസ് പിരിക്കുന്നത്. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു.
സംസ്ഥാന റവന്യൂ കലോത്സവം കാണാൻ എത്തുന്നവരിൽ നിന്നും പാർക്കിംഗ് ഫീസ് വാങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും.
- വി.എൻ. സ്വപ്ന, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ