ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ തെക്കേ നടയിലുള്ള ക്വാർട്ടേഴ്‌സ് വളപ്പിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു. കാലപ്പഴക്കത്തെ തുടർന്ന് ഇവിടുത്തെ ഒരു കെട്ടിടം വെള്ളിയാഴ്ച വൈകീട്ട് തകർന്ന് വീണിരുന്നു. ഇതേ തുടർന്ന് കളക്ടറുടെ നിർദ്ദേശമനുസരിച്ച് ശനിയാഴ്ച ദേവസ്വം ഭരണസമിതി അടിയന്തരമായി ചേർന്നാണ് കെട്ടിടം പൊളിക്കാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ഇടിഞ്ഞ കെട്ടിടം മാത്രമല്ല, തൊട്ടടുത്തുള്ള ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഴുവനും പൊളിച്ചു മാറ്റും. തിങ്കളാഴ്ച്ച മുതൽ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങും. അത്യാധുനിക സംവിധാനം ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊളിക്കുന്ന പ്രത്യേകം ട്രെയിലറുകളാണ് ഇതിനായി കൊണ്ടുവരുന്നത്. ഇവിടെയുള്ള ക്വാർട്ടേഴ്‌സുകളിലെ താമസക്കാരെ മുഴുവൻ ശനിയാഴ്ച മാറ്റി താമസിപ്പിച്ചു. ദേവസ്വത്തിന്റെ നെൻമിനി, താമരയൂർ ക്വാർട്ടേഴ്‌സുകളിലാണ് ഇവർക്ക് പുനരധിവാസം നൽകിയിട്ടുള്ളത്. ഇടിഞ്ഞു വീണ കെട്ടിടത്തിലെ ക്വാർട്ടേഴ്‌സുകളിലുള്ള താമസക്കാരെ വെള്ളിയാഴ്ച വൈകിട്ട് തന്നെ മാറ്റിയിരുന്നു. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ വി.കെ. വിജയൻ അദ്ധ്യക്ഷനായി.