1

തൃശൂർ: സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ 'കാതോർത്ത്' പദ്ധതി കൂടുതൽ ശക്തമാക്കുന്നു. നിയമസഹായവും പൊലീസ് സഹായവും പദ്ധതിയിലൂടെ വേഗത്തിൽ ലഭ്യമാക്കും.

മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി 2021 ഫെബ്രുവരിയിലാണ് കാതോർത്ത് എന്ന പദ്ധതി ആരംഭിച്ചത്. സ്ത്രീ സുരക്ഷ മുൻനിറുത്തി ആവശ്യമായ സ്ത്രീകൾക്ക് കൗൺസലിംഗാണ് പ്രധാനം. പ്രഗത്ഭരായ നിയമ വിദഗ്ദ്ധരും പൊലീസ് ഉദ്യോഗസ്ഥരും കൗൺസിലർമാരും പാനലിൽ ഉൾപ്പെടുന്നു.

വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ സ്ത്രീകൾക്ക് യാത്രാ ക്ലേശം, സമയനഷ്ടം എന്നിവ ഒഴിവാക്കുന്നതോടൊപ്പം അടിയന്തര പരിഹാരം ലഭ്യമാക്കാനുമാകും. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി വനിതാശിശു വികസന വകുപ്പ് മഹിളാ ശക്തികേന്ദ്ര പദ്ധതിയുടെ കീഴിൽ ജില്ലാതലത്തിൽ ഡിസ്ട്രിക്ട് ലെവൽ സെന്റർ ഫോർ വുമൺ രൂപീകരിച്ചിട്ടുണ്ട്.

കാതോർത്ത്

പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവ ലഭ്യമാക്കുന്ന ഓൺലൈൻ കൺസൾട്ടേഷൻ പദ്ധതിയാണ് 'കാതോർത്ത്'. 68 ഓളം പേർക്ക് ഇതിന്റെ ഗുണം ലഭിച്ചു. 49 പേർക്ക് ഫാമിലി കൗൺസലിംഗും 29 പേർക്ക് നിയമസഹായവും മൂന്ന് ഗുണഭോക്താക്കൾക്ക് പൊലീസ് സഹായവും ലഭ്യമായി.

മൂന്നുതരം സഹായം

കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിങ്ങനെ മൂന്ന് തരത്തിൽ സഹായം ആവശ്യപ്പെടാം. അതത് വിഭാഗത്തിലെ കൺസൾട്ടന്റുമാർ ഓൺലൈൻ അപ്പോയ്‌മെന്റിലൂടെ പരാതിക്കാരിക്ക് മഹിളാ ശക്തികേന്ദ്രം വഴി സേവനം ലഭ്യമാക്കും. ഓൺലൈൻ കൺസൾട്ടേഷൻ ലീഗൽ ആൻഡ് സൈക്കോളജിക്കൽ കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റ് എന്നിവരുടെ ലിസ്റ്റിൽ നിന്നും പ്രാപ്തരായവരുടെ പാനൽ തയ്യാറാക്കി ഇവരുടെ വിവരം മഹിളാശക്തി കേന്ദ്ര വഴി ലഭ്യമാക്കി സേവനം നൽകും. സർക്കാരിന്റെ വനിതാ സംരക്ഷണ പരിപാടികളുടെ ഭാഗമായി കേരളത്തിലെ താമസക്കാരായ സ്ത്രീകൾക്ക് ഈ സേവനം സൗജന്യമായി ലഭിക്കും. പൊലീസ് സഹായം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ വുമൺ സെല്ലിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പോർട്ടൽ വഴി രജിസ്‌ട്രേഷൻ നടക്കമ്പോൾ തന്നെ എസ്.എം.എസും ഇമെയിൽ അറിയിപ്പും ലഭിക്കും.

48 മണിക്കൂറിനുള്ളിൽ

48 മണിക്കൂറിനുള്ളിൽ വീഡിയോ കോൺഫറൻസ് സമയം അനുവദിച്ചുള്ള എസ്.എം.എസ് അപ്‌ഡേറ്റുകളും കിട്ടും. വീഡിയോ കൺസൾട്ടേഷൻ ആയതിനാൽ സൂം പോലുള്ള സുരക്ഷിതമായ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭ്യമാക്കുക. സേവനം നൽകാനായി സ്ത്രീകളിൽ നിന്ന് ശേഖരിക്കുന്ന വിവരം വകുപ്പിന്റെ പാനലിലുള്ള ലീഗൽ ആൻഡ് സൈക്കോളജിക്കൽ കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റ്, പൊലീസ് എന്നിവരുമായി മാത്രമേ പങ്കിടൂ.