yogam
എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ നിലവിളക്ക് തെളിക്കുന്നു.

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് 25 വർഷം പൂർത്തീകരിച്ച ശാഖാ ഭാരവാഹികളെയും ഭാരവാഹികളായ വനിതകളെയും ആദരിച്ചു. കൊടുങ്ങല്ലുർ പണിക്കേഴ്‌സ് ഹാളിൽ നടന്ന യോഗത്തിൽ മുൻ എം.എൽ.എയും യൂണിയൻ പ്രസിഡന്റുമായ ഉമേഷ് ചള്ളിയിൽ അദ്ധ്യക്ഷനായി.

25 വർഷം പൂർത്തീകരിച്ച 25 ഓളം പേരെയും ശാഖാ ഭാരവാഹികളായ 29 ഓളം പേരെയുമാണ് ആദരിച്ചത്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ ഇക്കണോമിക്‌സിൽ ഏഴാം റാങ്ക് നേടിയ ദീപ്തി കിരണിനെയും ചടങ്ങിൽ ആദരിച്ചു. പിന്നാക്ക സമുദായ വികസന വകുപ്പിന്റെ പ്രവർത്തനം ഫലപ്രദമാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

കൊടുങ്ങല്ലുർ ബൈപ്പാസിൽ എത്രയും പെട്ടെന്ന് വഴിവിളക്ക് സ്ഥാപിക്കാനും കാൽനടയാത്രക്കാർക്ക് സുഗമമായി ബൈപ്പാസ് മുറിച്ചുകടക്കാൻ ഹെലിവേറ്റഡ് ഹൈവേ സ്ഥാപിക്കണമെന്നും പ്രമേയം വഴി ആവശ്യപ്പെട്ടു. യൂണിയൻ സെക്രട്ടറി വരവ് - ചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

യോഗം കൗൺസിലർ ബേബി റാം, യൂണിയൻ നേതാക്കളായ സി.ബി. ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, എൻ.വൈ. അരുൺ, പി.വി. കുട്ടൻ, ഇ.ജി. സുഗതൻ, പി.ടി. ഷുബിലകുമാർ, പ്രതിനിധികളായ കെ.കെ. പത്മനാഭൻ, ടി.കെ. സുരേന്ദ്രൻ മാസ്റ്റർ, ഇ.എ. ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.