sevenum
വാതിൽപടി സേവന പദ്ധതിയുടെ പരിശീലനം നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: നഗരസഭയിൽ ആരംഭിക്കുന്ന വാതിൽപടി സേവന പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടിക്ക് തുടക്കം. പ്രായാധിക്യം മൂലം വീട്ടിൽ ഒറ്റപ്പെട്ടു കഴിയുന്നവർ, അസുഖ ബാധിതർ, ഒറ്റപ്പെട്ട് താമസിക്കുന്ന ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ, അതിദരിദ്രർ തുടങ്ങിയവരുടെ വീടുകളിലെത്തി ആവശ്യമായ സേവനങ്ങൾ സന്നദ്ധപ്രവർത്തകരിലൂടെ എത്തിച്ചുകൊടുക്കുകയാണ് പദ്ധതി ലക്ഷ്യം.

ഭക്ഷണം, ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ, ആശുപത്രിയിൽ കൊണ്ടുപോകൽ, സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കൽ എന്നിവയ്ക്കും ആവശ്യമായ സഹായങ്ങൾ ചെയ്യും. ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി ഹെൽപ്പർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കാണ് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചത്.

ഒന്നു മുതൽ 22 വരെ വാർഡുകളിലുള്ളവർക്ക് ആദ്യദിവസവും രണ്ടാമത്തെ ദിവസം 23 മുതൽ 44 വരെ വാർഡിലുള്ളവർക്കുമാണ് കിലയുടെ നേതൃത്വത്തിൽ പരിശീലനപരിപാടി ആരംഭിച്ചിട്ടുള്ളത്. ചന്തപ്പുരയിലുള്ള നഗരസഭാ ടൗൺഹാളിൽ നടന്ന പരിശീലനം വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് അദ്ധ്യക്ഷനായി.

രാധാദേവി സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.