പാവറട്ടി: പറമ്പന്തള്ളി നടയിൽ ഓട്ടോ ഓടിക്കുന്ന പ്രജിത്തിലെ കലാകാരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകർ. കഴിഞ്ഞ ദിവസം പറമ്പന്തള്ളി നട ഓട്ടോസ്റ്റാൻഡിലെ തൊട്ടടുത്തുള്ള മതിലിന്മേൽ പ്രജിത്ത് വരച്ച ചിത്രം സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുന്നത്. മുല്ലശ്ശേരി ആയുർവേദ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന വെളുത്തേടത്ത് പ്രജിത്ത് രണ്ടുവർഷമായി പറമ്പന്തള്ളി നടയിൽ ഓട്ടോ ഓടിക്കുന്നു. കുന്നംകുളം ജെ.ജെ. ആർട് കോളേജിൽ കെ.ജി.സി കോഴ്‌സിൽ അനിമേഷൻ അവസാന പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുകയാണ് പ്രജിത്ത്. ചിലങ്ക കലാസമിതി ശിങ്കാരിമേളത്തിലെ അംഗം കൂടിയാണ് പ്രജിത്ത്. അക്രിലിക് പെയിന്റ് ഉപയോഗിച്ച് ഇത്തരത്തിലുള്ള ചിത്രങ്ങൾ വീടുകളിലും കടകളിലും ചെയ്തു കൊടുക്കാറുണ്ട്. എന്നാൽ സഹപ്രവർത്തകർ കഴിഞ്ഞദിവസമാണ് ഇവനിലെ കലാകാരനെ തിരിച്ചറിയുന്നത്. പ്രജിത്തിലെ കലാകാരനെ പ്രോത്സാഹിപ്പിക്കുന്നതിൽ ഓട്ടോ തൊഴിലാളികളായ സഹപ്രവർത്തകർ കൂടെയുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടിലും വ്യത്യസ്തമായ ജോലികൾ കൈകാര്യം ചെയ്യുന്നത് ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാൻ കഴിയുമെന്നതിനുള്ള ഉദാഹരണം കൂടിയാണ് 21 വയസുള്ള ഈ ചെറുപ്പക്കാരൻ.

സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാലാണ് ഓട്ടോ ഓടിക്കുന്നത്. മികച്ച ഒരു ജോലിയ്ക്കായുള്ള ശ്രമത്തിലാണ്
-പ്രജിത്ത്.