ഒല്ലൂർ: ഓവർ ബ്രിഡ്ജ് റോഡ് നിർമ്മാണം നിലച്ചതോടെ നിർദിഷ്ട സ്ഥലത്ത് എത്താൻ കിലോമീറ്ററുകൾ താണ്ടി ദുരിതം പേറേണ്ട അവസ്ഥയിലാണ് ജനങ്ങൾ. മുന്നാഴ്ച മുമ്പാണ് നിലവിലുണ്ടായിരുന്ന റോഡ് പുനർനിർമ്മിക്കാനായി പൊളിച്ചിട്ടത്. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് നിർമ്മാണ പ്രവൃത്തികൾ നിലയ്ക്കുകയായിരുന്നു. റോഡിൽ ചെളി നിറഞ്ഞ് കിടക്കുന്നതിനാൽ ഈ വഴി കാൽനടയായി യാത്ര ചെയ്യുന്നവർക്ക് കിലോമീറ്ററോളം വളഞ്ഞു പോകേണ്ട ഗതികേടാണ്. അവിണിശ്ശേരി, തൈക്കാട്ടുശ്ശേരി, പെരിഞ്ചേരി, ചേർപ്പ് ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാരാണ് എറെ ദുരിതത്തിലായിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് പുതിയ റോഡ് നിർമ്മിക്കാനായി പ്രവർത്തനങ്ങൾ ആരംഭിച്ച് പഴയ റോഡിലെ ടാറിംഗ് പൂർണമായി പൊളിച്ചു മാറ്റിയതിന് ശേഷം യാതൊരുവിധ നിർമ്മാണ പ്രവൃത്തികളും ഇവിടെ നടത്തിയിട്ടില്ല എന്നും ഇത് അധികൃതർ ജനങ്ങളോട് നടത്തുന്ന ഒരു വെല്ലുവിളിയാണെന്നും ഈ വഴിയുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഡിവിഷൻ കൗൺസിലറുടെയും പൊലീസിന്റെയും നേതൃത്വത്തിൽ സിഡ്‌കോയുടെ അനുമതിയോടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് ഉള്ളിൽ കൂടെ മതിൽ പൊളിച്ച് റോഡ് നിർമ്മിച്ചുവെങ്കിലും വൺവേ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഒല്ലൂർ റെയിൽവേ ഗേറ്റ് റോഡിലും നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ആ വഴിയും അടച്ചിട്ടിരിക്കുകയാണ്. അതിനാൽ തൈക്കാട്ടുശ്ശേരി, വല്ലച്ചിറ, ചേർപ്പ്, പെരിഞ്ചേരി, ആനക്കല്ല് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കിലോമീറ്ററുകൾ വളഞ്ഞ് തലോർ ഗേറ്റ് വഴിയാണ് പോകുന്നത്. തൃശൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒല്ലൂർ പള്ളി കഴിഞ്ഞ് അടിപ്പാത വഴി കടന്നുപോകുന്നുണ്ടെങ്കിലും റോഡിന് വീതി ഇല്ലാത്തതിനാൽ വലിയ വാഹനങ്ങൾ ഇവിടെ എത്തിയാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒല്ലൂർ ഓവർ ബ്രിഡ്ജ് റോഡിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടത്തി കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകാനുള്ള സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.