bank

പാപ്പിനിവട്ടം ബാങ്ക് സംഘടിപ്പിച കാർഷിക സെമിനാറിൽ മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രസംഗിക്കുന്നു.

കൊടുങ്ങല്ലൂർ: കർഷകരെ കൃഷിയിൽ തന്നെ നിലനിറുത്തുന്നതിനും കൃഷി ലാഭകരമാക്കുന്നതിനും സർക്കാരിന്റെയും തദ്ദേശസ്വയംവരണ സ്ഥാപനങ്ങളുടെയും സഹകരണ ബാങ്കുകളുടെയും കൂട്ടായ്മയും സഹകരണവും അനിവാര്യമാണെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. പാപ്പിനിവട്ടം ബാങ്കിന്റെ പഞ്ചദിന ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് മൂന്നാം ദിവസം സംഘടിപ്പിച്ച നമ്മളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കാർഷിക സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കഞ്ഞികുഴി പയറിന്റെ ഉപജ്ഞാതാവും പേറ്റന്റ് ഉടമയുമായ ശുഭകേശൻ കഞ്ഞിക്കുഴി, വനമിത്ര അവാർഡ് ജേതാവ് വി.കെ. ശ്രീധരൻ, പ്രമുഖ കർഷക രേഖ കയ്പമംഗലം എന്നിവരെ മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ആദരിച്ചു. സെമിനാറിലും വി.കെ. ശ്രീധരന്റെ കൃഷിപഠന ക്ലാസിലും മതിലകം സെന്റ് ജോസഫ് സ്‌കൂളിലെ 40 വിദ്യാർത്ഥികളും നിരവധി കർഷകരും പങ്കെടുത്തു.

എസ്.എൻ. പുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർമാരായ ഇ.ജി. സുരേന്ദ്രൻ, സുരേഷ് നെല്ലകത്ത് എന്നിവർ പ്രസംഗിച്ചു. വൈകീട്ട് 15 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചേർപ്പ് കലാസമിതിയുടെ കലാസന്ധ്യയും ആദിത്യൻ കാതിക്കോടിന്റെ എകാംഗനാടകവും അരങ്ങേറി.