news-photo-
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം കേരള കൗമുദി ലേഖകൻ പി.കെ രാജേഷ് ബാബുവിന് കെ.മുരളീധരൻ എം.പി സമ്മാനിക്കുന്നു


ഗുരുവായൂർ: ഏറെ വെല്ലുവിളികൾ മാദ്ധ്യമ പ്രവർത്തനം അഭിമുഖീകരിക്കുന്നുവെന്നും ജാഗ്രത പുലർത്തണമെന്നും കെ. മുരളീധരൻ എം.പി. വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പതിനെട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ പേരിലുള്ള പത്രപ്രവർത്തകർക്കുള്ള പുരസ്‌കാരം കേരളകൗമുദി ലേഖകൻ പി.കെ. രാജേഷ് ബാബുവിനും പൊതുപ്രവർത്തകർക്കുള്ള പാലിയത്ത് ചിന്നപ്പൻ പുരസ്‌കാരം അഡ്വ. രവിചങ്കത്തിനും എ.പി. മുഹമ്മദുണ്ണിയുടെ പേരിലുള്ള സഹകാരി പുരസ്‌കാരം പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപാലനും മുരളീധരൻ സമ്മാനിച്ചു. നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.

ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ കമ്മിറ്റി അംഗം ആർ. ജയകുമാറിനെ അനമോദിക്കുന്ന ചടങ്ങും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകുന്ന ചടങ്ങും നിർവഹിച്ചു. പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രൻ ചികിത്സാ സഹായ വിതരണവും മുഖ്യ അനുസ്മരണ പ്രഭാഷണവും നടത്തി.

നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ, പ്രസ് ഫോറം വൈസ് പ്രസിഡന്റ് ലിജിത്ത് തരകൻ, സജീവ് കുമാർ, ട്രസ്റ്റ് പ്രസിഡന്റ് ആർ.രവികുമാർ, വൈസ് പ്രസിഡന്റ് ശശി വാറനാട്, സെക്രട്ടറി പി.വി. ഗോപാലകൃഷ്ണൻ, നിഖിൽ ജി. കൃഷ്ണൻ, നന്ദകുമാർ വീട്ടിക്കിഴി, എൻ. ഇസ്മയിൽ, ശിവൻ പാലിയത്ത് , ഇ.ലക്ഷ്മണ പൈ എന്നിവർ പ്രസംഗിച്ചു.