ambika-rao1
അംബിക റാവു

തൃശൂർ: തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് അംബിക റാവു ഒരു ദിവസം ബാലചന്ദ്ര മേനാേനെ ചെന്ന് കണ്ടു. അദ്ദേഹത്തോടൊപ്പം സിനിമയിൽ പ്രവർത്തിക്കാനുള്ള താത്പര്യം അറിയിച്ചു. 'അറിയിക്കാം' എന്നായിരുന്നു മറുപടി. ഒട്ടും പ്രതീക്ഷിക്കാതിരിക്കെ ബാലചന്ദ്ര മേനാേന്റെ വിളി വന്നു. അങ്ങനെ 'കൃഷ്ണാ ഗോപാലകൃഷ്ണ'യിൽ ആദ്യമായി സഹസംവിധായികയായി.

മലയാളസിനിമയുടെ പിന്നണിയിലെ ആദ്യകാല പെണ്മുഖങ്ങളിൽ ഒന്നായിരുന്നു അംബിക. തുടർന്ന് മിക്ക സംവിധായകർക്കുമൊപ്പം അസിസ്റ്റന്റായും അസോസിയേറ്റുമായി. കൈരളി ടി.വിയിൽ മോഹൻ കുപ്ലേരി സംവിധാനം ചെയ്ത യാത്ര സീരിയലിൽ പ്രവർത്തിച്ചതു വഴിയാണ് ഷൂട്ടിംഗുമായി പരിചയപ്പെട്ടത്.

സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് അംബിക പറഞ്ഞത്: ''സിനിമയിൽ ഞാൻ വരുന്ന സമയത്ത് സ്ത്രീകൾ വിരലിലെണ്ണാൻ പോലുമില്ല. കുടുംബത്തിലൊന്നും ആർക്കും സിനിമയുമായി ബന്ധവുമില്ല. തൃശൂരിലെ സാധാരണ കുടുംബം. എല്ലാവർക്കും കല, സംഗീതം ഒക്കെ ഇഷ്ടമായിരുന്നു. നല്ല കലാസ്വാദകരായിരുന്നു. അച്ഛൻ മറാഠിയാണ്. പുരോഗമനചിന്തയുള്ള അദ്ദേഹം മക്കൾക്കു സ്വാതന്ത്ര്യം തന്നിരുന്നു. പെൺകുട്ടികൾ സംഘം ചേർന്ന് സിനിമ കാണാൻ പോകുന്ന ട്രെൻഡൊക്കെ ഞങ്ങളാണ് തുടങ്ങിയതെന്ന് തോന്നുന്നു. അമ്മയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. പോയിട്ടു വരട്ടെയെന്ന് അച്ഛൻ പറയുന്നതായിരുന്നു രക്ഷ. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് സിനിമയിൽത്തന്നെ എത്തി.'

അവസാനനാളുകളിൽ വൃക്കരോഗം പൂർണമായും തളർത്തി. സ്ഥിരം ഡയാലിസിസിന് വൻതുക ചെലവായി. ചികിത്സയ്ക്ക് ഫെഫ്കയും സിനിമാ മേഖലയിലുള്ളവരും സഹായിച്ചിരുന്നു.

അണിയറയിൽ
പോസിറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, തിരുവമ്പാടി തമ്പാൻ, ഫേസ് 2 ഫേസ്, 5 സുന്ദരികൾ.

കാമറയ്ക്ക് മുന്നിൽ

വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ അമ്മ, കൃത്യം, ക്ലാസ്‌മേറ്റ്‌സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ്.