 
തൃശൂർ: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണം ഒരുക്കുന്ന പാചകത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. 99 ശതമാനവും സ്ത്രീ തൊഴിലാളികളുള്ള മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ലെന്നാണ് പരാതി.
കേരളം, തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ സ്‌കൂൾ പാചക തൊഴിലാളികൾക്ക് നൽകുന്ന പ്രതിമാസ വേതനം 2,000 രൂപയാണ്. കേരളത്തിൽ പ്രതിദിനം ഒരു തൊഴിലാളിക്ക് 600 രൂപ ലഭിക്കുന്നുണ്ട്. എന്നാൽ സഹായികൾക്കുള്ള പ്രതിഫലം കൂടി തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് കൊടുക്കണം. ഇതോടെ കിട്ടുന്ന തുക പകുതിയാകും.
500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതാണ് സർക്കാർ കണക്ക്. സഹായികളുടെ ഉത്തരവാദിത്വം സർക്കാരിനോ സ്‌കൂളിനോ ഇല്ല. കൂടുതൽ കുട്ടികളുണ്ടാകുമ്പോൾ സഹായികൾ ആവശ്യമായി വരും. 2016ൽ സ്‌കൂൾ പാചക തൊഴിലാളികൾക്ക് മിനിമം കൂലി നിശ്ചയിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല.
ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഉച്ചഭക്ഷണ പദ്ധതിയുടെ 2018,19ലെ ദേശീയ വർക്ക് പ്ലാനിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. 2017ൽ തൊഴിൽ മന്ത്രിയുടെ യോഗത്തിൽ റിട്ടയർമെന്റ് ആനുകൂല്യം നൽകാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയതും ജലരേഖയായി. വേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രതിമാസം 2,000 രൂപ വീതം അവധിക്കാല അലവൻസ് സി. രവീന്ദ്രനാഥ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ നൽകിത്തുടങ്ങി. എന്നാൽ 2021ലും 2022ലും ലഭിച്ചില്ല.
നിബന്ധനകളും ഉത്തരവുകളും ലംഘിച്ച് തൊഴിലാളികളെ പിരിച്ചുവിട്ട് തങ്ങൾക്ക് വേണ്ടപ്പെട്ടവരെ സ്‌കൂൾ അധികൃതർ നിയമിക്കുന്നുവെന്ന് തൊഴിലാളികൾ. 38 വർഷമായി ജോലിയിൽ തുടരുന്ന ഒരു പാചക തൊഴിലാളി തലയിൽ ട്യൂമർ ചികിത്സയ്ക്കായി പ്രധാന അദ്ധ്യാപികയുടെ അനുമതിയോടെ പോയി തിരിച്ചുവന്നപ്പോൾ ജോലി നഷ്ടപ്പെട്ടു.
തൊഴിലാളിയും യൂണിയനും എ.ഇ.ഒക്ക് പരാതി നൽകി. പാചകത്തൊഴിലാളിക്ക് അവധിയെടുക്കാൻ അർഹതയില്ലെന്ന് മാള എ.ഇ.ഒ ഉത്തരവിട്ടു. വിദ്യഭ്യാസ ഉപഡയറക്ടർക്ക് അപ്പീലും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതിയും നൽകിയിട്ടും നടപടികളുണ്ടായില്ല. നിലവിൽ, സ്‌കൂൾ പാചകതൊഴിലാളികളെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള അധികാരം നൂൺമീൽ കമ്മിറ്റികൾക്കാണ്.
പാചകത്തൊഴിലാളികളുടെ നിയമന, പിരിച്ചുവിടൽ കാര്യങ്ങളിൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കുമെന്ന ഉത്തരവ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചതോടെ പരാതിപ്പെടാനുള്ള അവസരവും ഇല്ലാതായി.
പാചക തൊഴിലാളികളുടെ അവകാശ പ്രഖ്യാപന കൺവെൻഷൻ ജൂലായ് മൂന്നിന് രാവിലെ 11ന് കെ.കെ. വാരിയർ സ്മാരകത്തിൽ നടക്കുമെന്ന് പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അവധിക്കാല അലവൻസ് ഉടൻ പുനഃസ്ഥാപിക്കുക, മിനിമം കൂലി പരിഷ്‌കരിക്കുക, തൊഴിലാളികളുടെ അവകാശപ്രതിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ്, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയറാം തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, ജില്ലാ സെക്രട്ടറി വി.കെ. ലതിക, ജില്ലാ പ്രസിഡന്റ് സി.യു. ശാന്ത എന്നിവർ പങ്കെടുത്തു.