waste

തൃശൂർ: മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടയിൽ മാലിന്യവുമായി മേയറുടെ ചേംബറിലേക്ക് കോൺഗ്രസ് കൗൺസിലർമാർ നടത്തിയ പ്രതിഷേധമാർച്ച് പൊലീസ് കോർപറേഷൻ കവാടത്തിൽ തടഞ്ഞു. പൊലീസും കൗൺസിലർമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോർപറേഷൻ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശക്തൻ നഗറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പരിസരത്തുനിന്ന് മാലിന്യം കൊട്ടയിലും അർബാനയിലും നിറച്ച് മാർച്ച് നടത്തിയാണ് കൗൺസിലർമാർ കോർപറേഷനിലെത്തിയത്. കോർപറേഷനിലെ 55 ഡിവിഷനുകളിൽ മാലിന്യക്കൂമ്പാരമാണെന്നും പതിനായിരങ്ങൾ വന്നുചേരുന്ന ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് ടൺ കണക്കിന് മാലിന്യം ഒരു വർഷത്തോളമായി കൂട്ടിയിട്ടിരിക്കുകയാണെന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിച്ചു. ജനങ്ങൾക്കും പരിസരവാസികൾക്കും വ്യാപാരികൾക്കും രോഗാണുബാധ ഉണ്ടാകുന്നുണ്ടെന്നും സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. വർഷക്കാലമായതിനാൽ മാലിന്യം നനഞ്ഞ് ചീഞ്ഞ് നാറുകയാണെന്നും കോടിക്കണക്കിന് രൂപയാണ് മാലിന്യ സംസ്‌കരണത്തിന്റെ മറവിൽ ഓരോ വർഷവും കോർപറേഷൻ എൽ.ഡി.എഫ് ഭരണസമിതി ചെലവാക്കുന്നതെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയൽ, ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, പാർലമെന്ററി പാർട്ടി നേതാക്കളായ കെ. രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. സിന്ധു ആന്റോ, ലീല വർഗീസ്, മേഴ്‌സി അജി, നിമ്മി റപ്പായി, സുനിത വിനു, വിനേഷ് തയ്യിൽ, സനോജ് പോൾ, ശ്രീലാൽ ശ്രീധർ, രമ്യ ബൈജു, അഡ്വ. വില്ലി, ആൻസി ജേക്കബ്, മേഫി ഡെൽസൺ, റെജി ജോയ് എന്നിവർ നേതൃത്വം നൽകി.

നിശ്ചിത ദിവസങ്ങൾക്കുള്ളിൽ മാലിന്യ നീക്കത്തിന് പരിഹാരം കണ്ടില്ലെങ്കിൽ മേയറുടെ ചേംബറിലേക്ക് മാലിന്യവുമായി ശക്തമായ തുടർസമരങ്ങൾ നടത്തും.
-രാജൻ.ജെ.പല്ലൻ
(പ്രതിപക്ഷ നേതാവ്)