പുന്നയൂർക്കുളത്തെ അംഗൻവാടി.
പുന്നയൂർക്കുളം: പഞ്ചായത്തിലെ വിശാലവും സുന്ദരവുമായ ഏഴാം നമ്പർ അംഗൻവാടി കണ്ടാൽ മനോഹരമായ ഒരു വീടാണെന്ന് തോന്നും. കടൽത്തീരത്തോട് ചേർന്ന് പ്രകൃതി രമണീയമായ അന്തരീക്ഷത്തിലാണ് കുമാരൻപടി അംഗൻവാടി ഒരുക്കിയിരിക്കുന്നത്. അക്ഷരങ്ങൾ കണ്ട് പഠിക്കാനും പാട്ടും നൃത്തവും ആസ്വദിക്കാനും ഡിജിറ്റൽ പഠന സൗകര്യവും ഒരുക്കും. കാർട്ടൂൺ കഥാപാത്രങ്ങളായ കാട്ടിലെ കണ്ണനും ഡോറ ഭുജിയുമെല്ലാം ചുമരിലും ചുറ്റുമതിലിലും നിറ സാന്നിദ്ധ്യമാണ്. അക്കങ്ങളും അക്ഷരങ്ങളും അക്കൂട്ടത്തിലുണ്ട്. ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങൾ, ശിശു സൗഹൃദ ടോയ്‌ലറ്റ്, ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാംപ്, അടുക്കള, സ്റ്റോർ റും, വിശ്രമമുറി, പഠനമുറി എന്നിവയുള്ളതാണ് കുമാരൻപടിയിലെ അംഗൻവാടി. മുകളിലെ നിലയിൽ വിശാലമായ കളിസ്ഥലവും വീണ് പരിക്കേൽകാതിരിക്കാൻ പ്രത്യേക മേറ്റും സജ്ജീകരിച്ചിട്ടുണ്ട്. അംഗൻവാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടാം വാരത്തോടെ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ പറഞ്ഞു. അഞ്ച് അംഗൻവാടികളാണ് പഞ്ചായത്തിൽ സ്മാർട്ട് നിലവാരത്തിൽ ഉയർത്തിയത്. ചമ്മന്നൂർ, പരൂർ എന്നീ അംഗൻവാടികൾ ഉദ്ഘാടനം കഴിഞ്ഞ് കുരുന്നുകൾക്ക് തുറന്ന് കൊടുത്തു. മറ്റ് രണ്ട് അംഗൻവാടികൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
ഹൈടെക് ആയി അംഗൻവാടി
സ്വന്തമായി സ്ഥലമോ മികച്ച കെട്ടിടമോ ഇല്ലാതെ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന അംഗൻവാടിയാണ് ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നത്. കാട്ടിപുരയ്ക്കൽ ജമീല മൊയ്തീൻ നൽകിയ അഞ്ച് സെന്റിൽ ഇരുനിലകളിൽ വിശാലമായ കളിസ്ഥലമുൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. റർബൺ മിഷൻ ഫണ്ടിൽ നിന്ന് 16.6 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്നും 9.7 ലക്ഷവുമാണ് വിനിയോഗിച്ചത്. 1, 333 ചതുരശ്ര അടിയിൽ നിർമ്മിതി കേന്ദ്രമാണ് നിർമ്മിച്ചത്.