 
തൃശൂർ: സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ടെലിവിഷൻ കാണാം, ബി.എസ്.എൻ.എല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷനിലൂടെ (ഐ.പി.ടി.വി). ആൻഡ്രോയിഡ് ടി.വിയിൽ നേരിട്ടും മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയിഡ് ബോക്‌സ്, ആമസോൺ ഫയർ സ്റ്റിക്ക് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചും സംവിധാനം ലഭ്യമാക്കാം.
ബി.എസ്.എൻ.എല്ലിനൊപ്പം ഭൂമികയും സിനിസോഫ്റ്റും ചേർന്നാണ് സാങ്കേതികവിദ്യ ഒരുക്കിയത്. ജില്ലയിലെ 42 ടെലിഫോൺ എക്‌സ്‌ചേഞ്ച് പരിധിയിൽ ബി.എസ്.എൻ.എൽ നേരിട്ട് കൊടുത്തതോ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസികൾ മുഖാന്തരം കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബർ കണക്‌ഷൻ വഴിയാണ് സൗകര്യം ലഭിക്കുക. സംവിധാനം ആദ്യമായി നടപ്പാക്കുന്നത് ജില്ലയിലാണ്.
ബി.എസ്.എൻ.എൽ ഐ.പി.ടി.വി
ബി.എസ്.എൻ.എൽ ഫൈബർ ഇന്റർനെറ്റ് കണക്‌ഷനൊപ്പം അധിക സേവനമായാണ് ഐ.പി.ടി.വി. ലഭ്യമാക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കാതെ ടെലിവിഷൻ കാണാൻ കഴിയുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബി.എസ്.എൻ.എല്ലാണ്. ട്രിപ്പിൾ പ്ലേ സർവീസിലൂടെ ഒരേ സമയം ടെലിവിഷനും ഇന്റർനെറ്റും ടെലിഫോണും തടസമില്ലാതെ ഉപയോഗിക്കാം. എച്ച്.ഡി ചാനലുകളെന്നോ സാധാരണ ചാനലുകളെന്നോ വ്യത്യാസമില്ലാതെ ആസ്വദിക്കാം.
ടെലിവിഷനുമായി കേബിൾ വഴി ബന്ധം വരില്ല. ഉപഭോക്താവിന്റെ വീട്ടിലെ ബി.എസ്.എൻ.എൽ ഇന്റർനെറ്റ് മോഡത്തിൽ നിന്നുള്ള വൈഫൈ സിഗ്‌നൽ ലഭിക്കുന്ന എവിടെയും ഐ.പി.ടി.വി കാണാം. ഐ.പി.ടി.വി കൂടാതെ യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാർ തുടങ്ങി ഇന്റർനെറ്റ് അധിഷ്ഠിതമായ എല്ലാ സംവിധാനവും ഉപയോഗിക്കാം.
ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാതെയും വേഗത്തിൽ കുറവ് വരാതെയും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഐ.പി.ടി.വിയും സംസാരിക്കാനുള്ള സൗകര്യവും ഒരേസമയം ലഭിക്കും.
- വി. സുരേന്ദ്രൻ, പ്രിൻസിപ്പൽ ജനറൽ മാനേജർ, ബി.എസ്.എൻ.എൽ
ചെലവ്
153 രൂപ മുതൽ 400 രൂപ വരെയുള്ളതാണ് പാക്കേജ്. 153 രൂപയ്ക്ക് 161 ചാനലുകൾ, 270 രൂപയുടെ എച്ച്.ഡി പാക്കേജിൽ 201 ചാനലുകൾ, 400 രൂപയുടെ എച്ച്.ഡി പാക്കേജിൽ 223 ചാനലും ലഭിക്കും.
വിവരങ്ങൾക്ക്
'IPTV' എന്ന് 9400022440 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയക്കുക.
ലയൺസ് ക്ലബ്ബ് അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ 183 സർക്കാർ സ്കൂളുകൾ ദത്തെടുക്കും
തൃശൂർ : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318ഡിയിൽ ഉൾപ്പെടുന്ന തൃശൂർ, പാലക്കാട്, മലപ്പുറം റവന്യൂ ജില്ലകളിലെ 183 സർക്കാർ സ്കൂൾ ദത്തെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ദുരിതമനുഭവിക്കുന്ന സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സാമ്പത്തിക സഹായ വിതരണം, പഠനോപകരണങ്ങളുടെ വിതരണം, കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനുള്ള സംവിധാനം, സ്കൂളുകളിലെ ശൗച്യാലയങ്ങളുടെ നവീകരണവും പുനർ നിർമ്മാണവും, വിവിധ വിഷയങ്ങളിൽ അർഹരായ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം, കുട്ടികൾക്കായുള്ള വിനോദ യാത്രകളുടെ സംഘാടനം തുടങ്ങിയ പദ്ധതികൾക്കാണ് ജൂലായ് ഒന്ന് മുതൽ തുടക്കം കുറിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗമായ മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. വാർത്താസമ്മേളനത്തിൽ ജെയിംസ് വളപ്പില, എ.എ.ആന്റണി, കെ.എം.അഷ്റഫ്, എം.ശ്രീനിവാസൻ, പി.ജെ.ജോർജുകുട്ടി എന്നിവർ സംബന്ധിച്ചു.