തൃശൂർ: മാർതോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം ജൂബിലി വർഷത്തോടനുബന്ധിച്ച് ജൂലായ് മൂന്നിന് പാലയൂരിൽ മഹാജൂബിലി വിശ്വാസ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർപ്പാപ്പയുടെ ഇന്ത്യൻ സ്ഥാനപതി അപ്പസ്റ്റോലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർദ്ദിനാൾ ആലഞ്ചേരി അദ്ധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് തൂങ്കുഴി, ഡോ.വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് വിശിഷ്ട വ്യക്തികളെ പാലയൂർ തീർത്ഥകേന്ദ്രത്തിന്റെ കവാടത്തിൽ സ്വീകരിച്ച് ആനയിക്കും. മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമ്മികത്വം വഹിക്കും. വാർത്താസമ്മേളനത്തിൽ മോൺ. ജോസ് വല്ലൂരാൻ, ഫാ.ഡൊമിനിക് തലക്കോടൻ, ഫാ.ഡേവിസ് കണ്ണമ്പുഴ, പി.ഐ ലാസർ, ജോർജ് ചിറമ്മൽ സംബന്ധിച്ചു.