പറപ്പൂർ: പുഴയ്ക്കൽ ബ്ലോക്ക് തലത്തിൽ മികച്ച കർഷകനായി തോളൂർ കൃഷിഭവന് കീഴിലെ എടക്കളത്തൂർ സ്വദേശി മുടവക്കാട്ട് ബിബിൻ ചന്ദ്രനെ തിരഞ്ഞെടുത്തു. സമ്മിശ്ര കർഷകനായ ബിബിൻ ചന്ദ്രന് ഒന്നര ഏക്കർ കരഭൂമിയിൽ തെങ്ങ്, ജാതി, പച്ചക്കറി, വിവിധ ഫലവൃക്ഷങ്ങൾ എന്നീ കൃഷികൾക്ക് പുറമെ പശുവളർത്തൽ, കോഴി വളർത്തൽ (കൈരളി ഇനം), മത്സ്യക്കൃഷി (ഗിഫ്റ്റ് തിലോപ്പിയ ഇനം), അസോള വളർത്തൽ എന്നീ കൃഷികളും ഉണ്ട്. മേഞ്ചിറ കോൾപടവിൽ മൂന്ന് ഏക്കറിൽ നെൽക്കൃഷിയും മികച്ച രീതിയിൽ ചെയ്തു വരുന്നു. സ്വന്തം കൃഷിയിടത്തിൽ ഉത്പാദിപ്പിക്കുന്ന നളികേരം കൊപ്രയാക്കി വീട്ടിൽ തന്നെയുള്ള ആധുനിക യന്ത്രം ഉപയോഗപ്പെടുത്തി വെളിച്ചെണ്ണയാക്കി നൽകിയും മഞ്ഞൾ ഉണക്കി പൊടിയായി നൽകിയും കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിലൂടെ അധികവരുമാനം സമ്പാദിക്കുന്നതിലും ഈ കർഷകൻ മാതൃകയാണ്. ബയോഗ്യാസ് യൂണിറ്റ്, സ്പ്രിംഗ്‌ളർ ഇറിഗേഷൻ എന്നിവയും നടപ്പാക്കിയിട്ടുണ്ട്. തോളൂർ കൃഷിഭവൻ കാർഷിക വികസന സമിതി അംഗം കൂടിയായിരുന്ന ബിബിൻ ചന്ദ്രനൊപ്പം കാർഷിക മേഖലയിൽ സഹായിയായി ഭാര്യ രാജേശ്വരിയും ഉണ്ട്. മക്കൾ: ദീപക്, ദിനേഷ്, ധന്യ.