ഗുരുവായൂർ: യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പേരിൽ വിമത പ്രവർത്തനത്തിന് നേതൃത്വം നൽകിയ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നിയോജകമണ്ഡലത്തിൽ നിന്നുള്ള ജില്ലാ സെക്രട്ടറിമാരായ സി.എസ്. സൂരജ്, കെ.ബി. വിജു, നിയോജകമണ്ഡലം ഭാരവാഹികളായ വി.എസ്. നവനീത്, റിഷി ലാസർ, റംഷാദ് തുടങ്ങിവർക്കാണ് സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുള്ളത്. നിയോജകമണ്ഡലത്തിന്റെ സംഘടനാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നോട്ടീസ് നൽകപ്പെട്ട നേതാക്കളുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഗുരുവായൂരിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഗുരുവായൂരിൽ നിന്നുള്ള ജില്ലാ വൈസ് പ്രസിഡന്റോ നിയോജകമണ്ഡലം പ്രസിഡന്റോ അറിയാതെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ഇതാണ് നടപടിക്ക് ഇടയാക്കിയത്.