കോൺഗ്രസ് പഞ്ചായത്തിനു മുന്നിൽ ധർണ നടത്തി
സമരം അപഹാസ്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കാട്ടൂർ: കാട്ടൂരിലെ പ്രതിപക്ഷ വാർഡുകളായ 12, 14 എന്നിവയിലേക്ക് വികസന ഫണ്ട് നൽകുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സ്വപ്ന അരുൺ ജോയ്, അംബുജ രാജൻ, ഇ.എൽ. ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം, എം.ജെ. റാഫി, ജോമോൻ വലിയവീട്ടിൽ, വർഗീസ് പുത്തനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
കാട്ടൂർ പഞ്ചായത്തിന് മുമ്പിൽ കോൺഗ്രസ് നടത്തിയ സമരം അപഹാസ്യമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സമരം നടത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ പറഞ്ഞു. വാർഡുകളും രാഷ്ട്രീയവും നോക്കിയല്ല, പഞ്ചായത്തിന്റെ മുഴുവൻ വികസനം മുന്നിൽ കണ്ടാണ് ഭരണ സമിതി പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. പ്രതിപക്ഷം ആരോപിക്കുന്ന 12, 14 വാർഡുകളിലെ വികസനത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ കോൺഗ്രസ് നേതാക്കൾക്ക് കാര്യം ബോദ്ധ്യപെടുമെന്നും ഷീജ പവിത്രൻ പറഞ്ഞു.
കാട്ടൂർ പഞ്ചായത്തിലെ വികസനത്തിനായി മുൻ എം.എൽ.എയും ഇപ്പോഴത്തെ എം.എൽ.എയും കോടികൾ മുടക്കിയപ്പോൾ എം.പി ഫണ്ടിൽ നിന്ന് അഞ്ച് രൂപ പോലും നൽകിയിട്ടില്ലെന്നും ഷീജ പവിത്രൻ ആരോപിച്ചു.