 
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി വർഷം തോറും നടത്തിവരുന്ന സുഖചികിത്സ ജൂലായ് ഒന്നിന് തുടങ്ങും. പുന്നത്തൂർ ആനത്താവളത്തിൽ ജൂലായ് 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗുരുവായൂർ ദേവസ്വം വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് പ്രത്യേക സുഖചികിത്സ.
ആന ചികിത്സാ വിദഗ്ദ്ധരായ ഡോ. കെ.സി. പണിക്കർ, ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാകും സുഖചികിത്സ.
ഗജ പരിപാലനത്തിലെ മാതൃകയായി അംഗീകരിക്കപ്പെട്ട ഗുരുവായൂർ ദേവസ്വം ആന സുഖചികിത്സാ പരിപാടിയുടെ ഉദ്ഘാടനം ജൂലായ് ഒന്നിന് വൈകിട്ട് മൂന്നിന് പുന്നത്തൂർ ആനക്കോട്ടയിൽ വച്ച് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവഹിക്കും. എൻ.കെ. അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളാകും.
ചികിത്സാക്രമം
ആയുർവേദ, അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ആഹാരക്രമമാണിത്. ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. ചികിത്സക്കായി 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.
കൊവിഡ് നിരക്ക് വീണ്ടും 221
തൃശൂർ : പ്രതിദിന കൊവിഡ് നിരക്ക് 221ൽ. ഇതിന് മുമ്പ് ഈ മാസം രണ്ട് തവണ പ്രതിദിന രോഗികളുടെ എണ്ണം 200 കടന്നിരുന്നു. 21ന് 231 പേർക്കും 24 ന് 210 പേർക്കും രോഗം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് നിരക്ക് കൂടിയതോടെ ഇന്നലെ മുതൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് വയ്ക്കാത്തവർക്കെതിരെ പിഴയടപ്പിക്കൽ നടപടി ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.