ചാലക്കുടി: നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ രാജി സന്നദ്ധത അറിയിച്ച് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് കത്ത് നൽകി. സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനിക്കുമെന്ന് ചെയർമാൻ പിന്നീട് മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചു. ഇതോടെ ഉടനെ ചെയർമാന്റെ രാജിയുണ്ടാകില്ലെന്ന് ഉറപ്പായി. ചാലക്കുടി, തൃശൂർ എം.പിമാരുടെ സാന്നിദ്ധ്യത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നടത്തിയ ചർച്ചയിൽ ജൂൺ 28ന് ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് പൈലപ്പന് നിർദ്ദേശം നൽകിയിരുന്നു. പ്രസ്തുത ആവശ്യം ഉന്നയിച്ച് ഔദ്യോഗികമായി കത്തും നൽകി. ആറ് മാസംകൂടി തനിക്ക് അവസരം നൽകണമെന്ന പൈലപ്പൻ ശാഠ്യം പിടിച്ചതിനിനെ തുടർന്നാണ് രേഖാമൂലം കത്ത് നൽകിയത്. ജൂലൈ അവസാനത്തിലെ നഗരസഭയുടെ ഗോൽഡൻ ജൂബിലി ആഘോഷ നടത്തിപ്പും മറ്റു ചില വിഷയങ്ങളുടെ അടിയന്തര സ്വഭാവവും ചൂണ്ടിക്കാട്ടിയ പൈലപ്പൻ തനിക്ക് ആറ് മാസം കൂടി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ നേരത്തെ തയ്യാറാക്കിയ കരാറിൽ ഒന്നര വർഷമാണ് വി.ഒ. പൈലപ്പന് ചെയർമാൻ സ്ഥാനം നൽകാൻ ധാരണയുണ്ടായിരുന്നത്. തുടർന്നുള്ള രണ്ടര വർഷം എബി ജോർജിനും അവസാനത്തെ ഒരു വർഷക്കാലം ഷിബു വാലപ്പനും ചെയർമാൻ സ്ഥാനം നൽകുമെന്നായിരുന്നു കരാർ.