അതിരപ്പിള്ളി: വിവാദമായ കണ്ണൻകുഴിയിലെ റിസോർട്ട് പ്രശ്‌നത്തിൽ നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത്. പഞ്ചായത്തും ആരോഗ്യ വകുപ്പും താത്്ക്കാലികമായി അടപ്പിച്ച സംഹോര റിസോർട്ട് വീണ്ടും തുറന്നെന്നും മാലിന്യം പുഴയിലേക്ക് ഒഴുക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണെന്നും നാട്ടുകാർ പറയുന്നു. റിസോർട്ടിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമീപവാസികളായ കുടുംബങ്ങൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ പൊലീസ് സഹായത്തോടെ ജൂൺ 21ന് സ്ഥാപനത്തിന്റെ പ്രവർത്തനം തടഞ്ഞിരുന്നു. പിന്നീട് കക്കൂസ് മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് റിസോർട്ടിന്റെ പരിസരത്ത് ആരോഗ്യ വകുപ്പ് പരിശോധനയും നടത്തി. നിലവിലെ പ്രശ്‌നം പരിഹരിക്കാതെ റിസോർട്ട് തുറക്കാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ ആരുമറിയാതെ തുറന്ന റിസോർട്ടിൽ നിന്നും ഇപ്പോഴും മാലിന്യം ഒഴുകുന്നുണ്ടെന്നും ഇവർ ആരോപിച്ചു.