അതിരപ്പിള്ളി: തുമ്പൂർമുഴി വിനോദസഞ്ചാര കേന്ദ്രത്തിലെ ടോയ്‌ലറ്റ് മാലിന്യം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ഗാർഡനിലെ പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള ടോയ്‌ലറ്റ് ബ്ലോക്കിൽ നിന്നുള്ള മലിനജലമാണ് മുൻവശത്തുള്ള തോടിന്റെ കരിങ്കൽ ഭിത്തിയ്ക്കിടയിലൂടെ പുഴയിലെത്തുന്നത്. ചിൽഡ്രൻസ് പാർക്കിലൂടെ കടന്നു പോകുന്ന തോട്ടിൽ വിനോദയാത്രയിലെ കുട്ടികൾ ഇറങ്ങാറുണ്ട്. തൊട്ടടുത്ത കെട്ടിടത്തിലെ മാലിന്യം കലർന്ന വെള്ളത്തിലാണ് ഇവർ കളിക്കുന്നതും കുളിക്കുന്നതും. സഞ്ചാരികൾക്കായി തുറന്നു കൊടുത്ത് ഒരു വർഷത്തിനുള്ളിൽ ഈ ടോയ്‌ലറ്റ് ബ്ലോക്ക് നിരവധി തവണ അറ്റകുറ്റപണികൾക്കായി ആഴ്ചകളോളം അടച്ചിട്ടത് വാർത്തയായിരുന്നു. രണ്ടാഴ്ച മുമ്പും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ടോയ്‌ലറ്റ് അധികമായി ഉപയോഗിക്കുന്ന അവധി ദിവസങ്ങളിലടക്കം ഇവിടെനിന്നും ദുർഗന്ധം വമിക്കാറുണ്ട്. മലിനജലം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ലീനിംഗ് ജീവനക്കാർ ടോയ്‌ലറ്റ് അടച്ചിട്ടിരിക്കുകയാണ്.