mmmmmഅന്തിക്കാട് പൊലീസ് സ്റ്റേഷൻ.

അന്തിക്കാട്: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ അന്തിക്കാട് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാകുന്നു. ആകെ 45 പൊലീസുകാർ വേണ്ടിടത്ത് ഇപ്പോൾ 35 പേരാണുള്ളത്. നേരത്തെ രണ്ട് എസ്.ഐ, എസ്.എച്ച്.ഒ ഉൾപ്പെടെ ഏഴ് പൊലീസുകാർക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. അതിൽ പകരക്കാരായി എത്തിയത് മൂന്ന് പേർ മാത്രമാണ്. നിലവിലെ പ്രിൻസിപ്പൽ എസ്‌.ഐ സ്ഥലം മാറിപ്പോയിട്ട് ദിവസങ്ങളായെങ്കിലും പുതിയ ഓഫീസറെ നിയമിച്ചിട്ടില്ല. പ്രമോട്ടഡ് എസ്.ഐക്കും സ്ഥലം മാറ്റം ഓർഡറായിട്ടുണ്ട്. സ്ഥലം മാറിയവരിൽ ജി.ഡി ചാർജുള്ള മൂന്ന് പേർ ഉൾപ്പെട്ടിരുന്നു. എന്നാൽ പകരക്കാരായി എത്തിയ മൂന്ന് പേരിൽ ലോക്കൽ സ്റ്റേഷൻ കൈകാര്യം ചെയ്യാനറിയാവുന്നവരായി ആരുമില്ലെന്ന് ആക്ഷേപമുണ്ട്.

നിലവിലെ എസ്.എച്ച്.ഒയ്ക്ക് സ്ഥലം മാറ്റമായെന്നും പകരമായി മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി സ്റ്റേഷനിലെ എസ്.എച്ച്.ഒ
ചാർജെടുക്കുമെന്നും പറയുന്നു. റൂറൽ ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള ഈ സ്റ്റേഷനിൽ പി.ആർ.ഒ ഇല്ലാതായിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇപ്പോഴും ഈ ചുമതല നിർവഹിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. പതിനാറര വില്ലേജുകളിലും അഞ്ച് പഞ്ചായത്തുകളിലുമായി കിടക്കുന്ന സ്റ്റേഷൻ അതിർത്തി വിഭജിച്ച് പെരിങ്ങോട്ടുകരയിൽ പുതിയ സ്റ്റേഷൻ നിർമ്മിക്കാനുള്ള തീരുമാനം തത്വത്തിൽ അംഗീകരിക്കപ്പെട്ടെങ്കിലും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. പെരിങ്ങോട്ടുകര സ്റ്റേഷൻ എന്ന ആവശ്യത്തിന് ശേഷം ഉയർന്നുകേട്ട ഏതാനും സ്റ്റേഷനുകൾ ജില്ലയിൽ ഇതിനകം യാഥർത്ഥ്യമായി കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം.