തൃശൂർ: ശക്തനിലെ മാലിന്യം നീക്കലിന് പഴയ കരാറുകാരനെ അടുപ്പിക്കില്ലെന്ന് മേയർ എം.കെ. വർഗീസ്. ടെൻഡർ വിളിച്ച് പുതിയ കരാറുകാരനെ കണ്ടെത്തിയ ശേഷം മാത്രമേ ശക്തൻ നഗർ പ്ലാന്റിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കാനാകൂവെന്ന് മേയർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ച് മാലിന്യനീക്കം നടത്താനും സംസ്‌കരിക്കാനും സംവിധാനം ഉള്ളവ കണ്ടെത്തിയ ശേഷമേ കരാർ ഉറപ്പിക്കൂ. ഇതിനായി സ്ഥലപരിശോധനയും നടത്തുമെന്നും മേയർ പറഞ്ഞു. ഒരു കിലോ മാലിന്യം നീക്കാൻ പത്ത് രൂപയാണ് നൽകുന്നത്. എന്നാൽ രണ്ട് രൂപയ്ക്ക് താഴെ ഇത് ചെയ്യാൻ ആളുകൾ ഉണ്ടെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ പറഞ്ഞു.