 സുരക്ഷിത ഇലക്ട്രിക് സ്‌കൂട്ടറുമായി യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ.
സുരക്ഷിത ഇലക്ട്രിക് സ്‌കൂട്ടറുമായി യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ.
വെള്ളാങ്ങല്ലൂർ: വിപണിയിൽ ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളിൽ ഉണ്ടാകുന്ന അഗ്നിബാധ ഒഴിവാക്കുന്നതിനായി യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സെൽ നടത്തിയ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. സെല്ലിലെ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത് പുറത്തിറക്കിയ വാഹനമാണ് ഇലക്ട്രിക്ക് സുരക്ഷിത സ്‌കൂട്ടർ. അന്ഗ്‌നിബാധ ഏൽക്കാത്ത ലിഥിയം അയേൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി അമിതമായി ചൂടാകുന്നത് തടയുന്നതിനായി കൂളിംഗ് ടെക്‌നോളജി മൊഡ്യൂൾ ബാറ്ററിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മോട്ടോറിൽ നിന്ന് സുഗമമായി ശക്തി പ്രേഷണം ചെയ്യുന്നതിനുള്ള ഗിയർ ട്രാൻസ്മിഷൻ സിസ്റ്റവും കൂടിച്ചേർന്നതാണ് സ്‌കൂട്ടറിന്റെ പവർ ട്രാൻസ്മിഷൻ സിസ്റ്റം.
ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ലോഞ്ചിംഗ് പ്രിൻസിപ്പൽ ഡോ. ജോസ് കെ. ജേക്കബ് നിർവഹിച്ചു. ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വകുപ്പ് മേധാവി വി.ആർ. രമ്യ, റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സെൽ കോ- ഓർഡിനേറ്റർ ഡോ. എം. ജോളി, വർക്ക്‌ഷോപ്പ് സൂപ്രണ്ട് കെ.കെ. അബ്ദുൾ റസാഖ്, പി.എസ്. ശ്രീത, മീനു ജോസ് തെക്കൻ എന്നിവർ സംസാരിച്ചു. അവസാന വർഷ വിദ്യാർത്ഥികളായ സജി ടി.എം, അൽക്ക പി.എസ്, എവിൻ ഷാജൻ, ആർദ്ര വി.എസ് എന്നീ വിദ്യാർത്ഥികളാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ശിൽപ്പികൾ.