ഗുരുവായൂർ: ഗുരുവായൂർ നഗരസഭ തൈക്കാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷക സഭകളും സംഘടിപ്പിച്ചു. തൈക്കാട് രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. ഷെഫീർ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.എൻ. മനോജ് പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ അജിത അജിത്, രഹിത പ്രസാദ്, അജിത ദിനേശൻ, ഷിൽവ ജോഷി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ചൊവ്വന്നൂർ ബ്ലോക്ക് കാർഷിക സേവന കേന്ദ്രവും കർഷകരും നടീൽ വസ്തുക്കളും ഉത്പാദന ഉപാധികളും വിൽപ്പനയ്ക്കായി എത്തിച്ചിരുന്നു. കൃഷി ഓഫീസർ വി.വി. സുരേഷ് സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.ആർ. സനോജ് നന്ദിയും പറഞ്ഞു.