ചേലക്കര: പരിസ്ഥിതി ലോല മേഖലയിൽ പങ്ങാരപ്പിള്ളി വില്ലേജും ഉൾപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ ഇന്ന് ഹർത്താൽ നടത്തും. ഇതിന് മുന്നോടിയായി ഇടതുമുന്നണി പങ്ങാരപ്പിള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. പരിസ്ഥിതി ലോല മേഖലാ പ്രദേശമായി മാറുന്ന സാഹചര്യത്തെ മറികടക്കാൻ കേന്ദ സർക്കാർ നിയമം കൊണ്ടുവരണം, ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ മുൻനിറുത്തിയാണ് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പങ്ങാരപ്പിള്ളി വില്ലേജിൽ ഹർത്താൽ നടത്തുന്നത്. ജാഥ സി.പി.എം ചേലക്കര ഏരിയാ സെക്രട്ടറി കെ.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ. ഗീവർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്ടൻ കെ.എസ്. ശ്രീകുമാർ, ഇടതുപക്ഷ ജനാതിപത്യ മുന്നണി നേതാക്കളായ ഒ.എസ്. സജി, ഇ.എൻ. വാസുദേവൻ, ടി. ഗോപി, കെ.എ ബൾക്കീസ്, പൗലോസ്, രവീന്ദ്രൻ, ടി.പി. സുകുമാരൻ എന്നിവർ സംസാരിച്ചു.