 
വടക്കാഞ്ചേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ തെക്കുംകര പഞ്ചായത്തിലെ മലയോര മേഖലയുടെ ദാഹമകറ്റാൻ ആവിഷ്‌കരിച്ച പത്താഴക്കുണ്ട്-വട്ടായി കുടിവെള്ള പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ നാല് മാസത്തിനകം പൂർത്തിയാകും. ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾ പൂർത്തിയായാൽ പുതുതായി 1000 വീടുകളിലേക്ക് കൂടി കുടിവെള്ളമെത്തും. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയുള്ള പൈപ്പ് എക്‌സ്‌ടെൻഷനുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നിലവിൽ 400 വീടുകളിലേക്കാണ് പദ്ധതി വഴി കുടിവെള്ളമെത്തുന്നത്. വിപുലീകരണ പ്രവർത്തനങ്ങൾക്കായി മൂന്നര കോടി രൂപയാണ് വകയിരുത്തിയത്. നഗര സഞ്ജയ്ക ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നിർമാണം.
2020ൽ മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ് പത്താഴക്കുണ്ട് വട്ടായി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചത്. തെക്കുംകര പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക ഫണ്ട്, മുൻ എം.പി പി.കെ. ബിജുവിന്റെ ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് അന്ന് പദ്ധതി നടപ്പാക്കിയത്.
പദ്ധതി ഇപ്രകാരം
തെക്കുംകര പഞ്ചായത്തിലെ കുണ്ടുകാട്, പറമ്പായ്, കുത്തുപാറ, അടങ്കളം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മലയോര മേഖലയിലെ നാല് വാർഡുകൾ വർഷങ്ങളായി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് വട്ടായി പ്രദേശത്ത് വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പാറമട ഉപയോഗപ്പെടുത്തി പത്താഴക്കുണ്ട്-വട്ടായി കുടിവെള്ള പദ്ധതി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിച്ചത്. വറ്റാത്ത ഉറവയുള്ള ഈ പാറമടയിൽ ലക്ഷക്കണക്കിന് ഗ്യാരൻ വെള്ളമാണ് ഉള്ളത്. സ്വാഭാവിക ഉറവകളിലൂടെ ക്വാറിയിലേക്ക് ഒലിച്ചിറങ്ങുന്ന ശുദ്ധജലം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ശുചീകരിച്ചാണ് വിതരണം ചെയ്യുന്നത്.