ചാവക്കാട്: ബ്ലാങ്ങാട് ജി.എഫ്.യു.പി സ്‌കൂളിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന വായനസദസിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ പ്രസന്ന രണദിവെ നിർവഹിച്ചു. ഓർമ്മയിലൊരു അവധിക്കാലം എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നടത്തി. പി.ടി.എ പ്രസിഡന്റ് പി.വി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ തുളസി ടീച്ചർ, റാഫി നീലങ്കാവിൽ, എൻ.എ. സ്‌കന്ദകുമാർ എന്നിവർ സംസാരിച്ചു. വായനയും ഞാനും, വരയും പൊരുളും, ചോദിക്കാം പറയാം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോയ വായന സദസിൽ വായനാനുഭവങ്ങളും പുസ്തക പരിചയങ്ങളും അഭിമുഖ ചോദ്യോത്തരങ്ങളുംകൊണ്ട് സജീവമായി. രക്ഷിതാക്കളുടേയും കുട്ടികളുടേയും അദ്ധ്യാപകരുടേയും വായനയുമായി ബന്ധപ്പെട്ട കലാപരിപാടികളും അരങ്ങേറി. ഖദീജത്തുൽ കുബ്ര ടീച്ചറുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനം, പുസ്തകാസ്വദനങ്ങൾ എന്നിവയും നടന്നു. വിവിധ സ്‌കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.വി. രത്‌നകുമാരി നിർവഹിച്ചു. പ്രധാന അദ്ധ്യാപിക സി.ഡി. വിജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എ. ജോയ്‌സി നന്ദിയും പറഞ്ഞു.